വിശാഖപട്ടണം: ഫൈനലിനു തുല്യമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. രണ്ടു വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ടു വിക്കറ്റിന് 162 റണ്‍സാണ് നേടിയത്.
മറുപടിയില്‍ പൃഥ്വി ഷായുടെ (56) തകര്‍പ്പന്‍ ഫിഫ്റ്റിയും റിഷഭ് പന്തിന്റെ (49) വെടിക്കെട്ട് ഇന്നിങ്സും ഡല്‍ഹിക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. ഒരു പന്തും രണ്ടു വിക്കറ്റും ശേഷിക്കെ ഡല്‍ഹി ലക്ഷ്യം മറികടന്നു. അവസാന രണ്ടു പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ അഞ്ചാമത്തെ പന്തില്‍ കീമോ പോള്‍ ബൗണ്ടറിലൂടെ ഡല്‍ഹിയുടെ വിജയ റണ്‍സ് നേടി.
അവസാന രണ്ടോവറിൽ മൂന്ന് വിക്കറ്റാണ് ഡൽഹിക്ക് നഷ്ടമായത്. പത്തൊൻപതാം ഓവറിന്റെ നാലാമത്തെ പന്തിൽ റണ്ണിനായി ഓടിയ അമിത് മിശ്ര ഖലീൽ അഹമ്മദിന്റെ ത്രോ തടഞ്ഞതിനാണ് പുറത്തായത്. വീഡിയോ റിവ്യൂവിലൂടെയാണ് ഔട്ട് വിധിച്ചത്. ഇരുപതാം ഓവറിന്റെ അഞ്ചാമത്തെ പന്ത് അതിർത്തി കടത്തി കീമോ പോൾ ഉദ്വേഗം അവസാനിപ്പിച്ച് ജയം സമ്മാനിക്കുകയും ചെയ്തു.
ഒരുവേള മൂന്നിന് 87 റൺസ് എന്ന നിലയിലായിരുന്ന ഡൽഹിയെ പന്തും പൃഥ്വി ഷായും ചേർന്നാണ് വിജയതീരത്തെത്തിച്ചത്. ഷാ 38 പന്തിൽ നിന്ന് 56 ഉം പന്ത് 21 പന്തിൽ നിന്ന് 49 ഉം റൺസും നേടി. അഞ്ച് സിക്സും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. മലയാളി താരം ബേസിൽ തമ്പി എറിഞ്ഞ പതിനെട്ടാം ഓവറിൽ മാത്രം പന്ത് 22 റൺസെടുത്തു. രണ്ട് സിക്സും രണ്ട് ബൗണ്ടറിയും രണ്ട് സിംഗിളും.
ഡൽഹി ഏതാണ്ട് വിജയം ഉറപ്പിച്ചശേഷം പത്തൊൻപതാം ഓവറിന്റെ അഞ്ചാമത്തെ പന്തിലായിരുന്നു പന്ത് പുറത്തായത്. ഡൽഹിക്കുവേണ്ടി ധവാൻ പതിനേഴും ശ്രേസ് അയ്യർ എട്ടും റൺസ് മാത്രമാണ് നേടിയത്. ഹൈദരാബാദിനുവേണ്ടി ഭുവനേശ്വർ കുമാറും ഖലീൽ അഹമ്മദും റാഷിദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാർ 42റൺസ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. നാലോവറിൽ 41 റൺസ് വിട്ടുകൊടുത്ത ബേസിൽ തമ്പിക്ക് വിക്കറ്റൊന്നും വീഴ്ത്താൻ കഴിഞ്ഞില്ല.
രണ്ടോവർ ബാക്കിയുണ്ടായിരുന്ന ഖലീലിന് അവസരം നൽകാതെ നിർണായക സമയത്ത് ബേസിലിനെ പന്ത് ഏൽപിച്ചതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ടോസ് നേടിയ ഡൽഹി സൺറൈസേഴ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ മെല്ലെപ്പോയ ഹൈദരാബാദിന് ഇരുപത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് നേടായത്.
19 പന്തിൽ നിന്ന് 36 റൺസെടുത്ത മാർട്ടിൻ ഗുപ്ടിലാണ് ടോപ് സ്കോറർ. മനീഷ് പാണ്ഡെ 36 പന്തിൽ നിന്ന് 30 ഉം വില്ല്യംസൺ 27 പന്തിൽ നിന്ന് 28 ഉം വിജയ് ശങ്കർ 11 പന്തിൽ നിന്ന് 25 ഉം റൺസെടുത്തു. ഡൽഹിക്കുവേണ്ടി കീമേ പോൾ മൂന്നും ഇശാന്ത് ശർമ രണ്ടും വിക്കറ്റ് വീഴ്ത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.