മൈസൂരു: പ്രകൃതിദുരന്തം വിനോദസഞ്ചാരമേഖലയെ ആകെ തളർത്തിയ കുടകിന് ശാപമോക്ഷം. സഞ്ചാരികൾ കുടകിന്റെ സൗന്ദര്യം തേടി വീണ്ടുമെത്തിത്തുടങ്ങിയതോടെ മാന്ദ്യം നീങ്ങുകയാണ്. ടൂറിസം മേഖലയെ ആശ്രയിച്ചുകഴിയുന്ന ജില്ലയിലെ വ്യാപാരമേഖലയ്ക്ക് നിരാശയിൽനിന്ന് മോചനമായി.
പ്രധാന വിനോദസഞ്ചാര, തീർഥാടന കേന്ദ്രങ്ങളായ ആബെ വെള്ളച്ചാട്ടം, രാജാ സീറ്റ്, ദുബാരെ ആനത്താവളം, ഹാരംഗി അണക്കെട്ട്, മണ്ഡൽപട്ടി, ഹമ്മിയാല, ഭാഗമണ്ഡല, തലക്കാവേരി തുടങ്ങിയ സ്ഥലങ്ങളിലെത്തുന്നവരുടെ എണ്ണത്തിൽ ഒക്ടോബർ പകുതിയോടെ കാര്യമായവർധന രേഖപ്പെടുത്തി.
ഈ വർഷം ആദ്യപകുതിയിൽ ജില്ലയിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 18 ലക്ഷത്തോളമായിരുന്നു. എന്നാൽ ദുരന്തത്തിന് ശേഷം ടൂറിസം മേഖലയാകെ ശൂന്യതയുടെ പിടിയിലായി. പ്രതിദിനം 5000 പേരെത്തിയിരുന്ന രാജാ സീറ്റിൽ ദുരന്തത്തിനുശേഷം 50 പേർ പോലും എത്താത്ത അവസ്ഥയായിരുന്നു. ഓഗസ്റ്റ് മധ്യത്തോടെയുണ്ടായ പേമാരിയും മലയിടിച്ചിലുമാണ് ജില്ലയെ പിടിച്ചുലച്ചത്. ദുരന്തത്തിനുശേഷം വിനോദസഞ്ചാരികൾ കുടകിനെ കയ്യൊഴിഞ്ഞ അവസ്ഥയായിരുന്നു.
ദുരന്തം കാണാനെത്തിയവരുടെ എണ്ണം വർധിച്ചതോടെയാണ് ഓഗസ്റ്റ് 31 വരെയും പിന്നീട് സെപ്റ്റംബർ ഒമ്പത് വരെയും ജില്ലാഭരണകൂടം സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നിർമാണ പ്രവർത്തനങ്ങൾക്ക് സന്ദർശകരുടെ വാഹനങ്ങൾ തടസ്സമായതിനെത്തുടർന്നായിരുന്നു ഈ നടപടി. എന്നാൽ പിന്നീട് ഇതിന്റെ തുടർച്ചയായി വിനോദസഞ്ചാരികൾ തീരെ എത്താത്ത അവസ്ഥയായിരുന്നു ഉണ്ടായത്. സെപ്റ്റംബർ മാസം സഞ്ചാരികൾ ജില്ലയെ തിരിഞ്ഞുനോക്കിയില്ല.
ഒക്ടോബർ ആദ്യവാരം പിന്നിടുമ്പോൾ പ്രധാന കേന്ദ്രമായ മടിക്കേരിയിൽപോലും ഹോട്ടൽ മുറികളിൽ ഒരെണ്ണത്തിലും ആളില്ലാത്ത അവസ്ഥയായിരുന്നു. പ്രകൃതിദുരന്തത്തിന്റെ പേരിലുണ്ടായ ദുഷ്‌പേര് ജില്ലയിലെ ടൂറിസത്തെ ആകെ തകർത്തതായി മടിക്കേരിയിലെ പ്രമുഖ ഹോട്ടലുടമയായ ഗണേഷ് ഷേണായി പറഞ്ഞു. യഥാർഥത്തിൽ ജില്ലയുടെ മൂന്നോ നാലോ ശതമാനം ഭൂപ്രദേശത്തെ മാത്രമാണ് പ്രകൃതിക്ഷോഭം ബാധിച്ചത്. എന്നാൽ പുറംലോകത്തെത്തിയത് ജില്ലയാകെ ദുരന്തത്തിന്റെ പിടിയിലായതായ വാർത്തയാണ്. ഇതാണ് മാന്ദ്യത്തിന്റെ പ്രധാന കാരണം-ഗണേഷ് ഷേണായി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.