മുംബൈ: നാലാം ഏകദിനത്തില്‍ 224 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. മൂന്നാം ഏകദിനത്തിലെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇന്ത്യ കരീബിയന്‍സിനു മേല്‍ കത്തിക്കയറുകയായിരുന്നു.ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിന്‍ഡീസിന് അപ്രാപ്യമായ സ്കോറാണ് പടുത്തുയര്‍ത്തിയത്. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് ഇന്ത്യ നേടിയിരുന്നു.
മറുപടിയില്‍ ഖലീല്‍ അഹമ്മദിന്റെ തീപ്പൊരി ബൗളിങ് വിന്‍ഡീസിന്റെ കഥ കഴിക്കുകയായിരുന്നു. 36.2 ഓവറില്‍ വെറും 153 റണ്‍സിന് വിന്‍ഡീസ് കൂടാരംകയറി. ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (54*) പൊരുതിനേടിയ ഫിഫ്റ്റിയാണ് വിന്‍ഡീസിനെ കൂടുതല്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല. ഈ പരമ്പരയില്‍ വിന്‍ഡീസിന്റെ ഹീറോകളായ ഷെയ് ഹോപ്പിനെയും (0) ഷിംറോണ്‍ ഹെറ്റ്മെയറെയും (13) നേരത്തേ തന്നെ പുറത്താക്കിയാണ് ഇന്ത്യ ജയം അനായാസമാക്കിയത്.
ഇന്ത്യ നല്കിയ 378 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് 14 ഓവര്‍ കഴിഞ്ഞപ്പോള്‍ ആറു വിക്കറ്റിന് 56 റണ്‍സെന്ന പരിപാതകരമായ അവസ്ഥ. നാലു വിക്കറ്റ് മാത്രം ശേഷിക്കെ വിന്‍ഡീസിന് ജയിക്കാന്‍ 322 റണ്‍സ് വേണം. ചന്ദര്‍പോള്‍ ഹേംരാജ് (14), കിരെണ്‍ പവല്‍ (4), ഷെയ് ഹോപ്പ് (0), മര്‍ലോണ്‍ സാമുവല്‍സ് (18), ഷിംറോണ്‍ ഹെറ്റ്മെയര്‍ (13), റോമെന് പവെല്‍ (1) എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റ് വീതമെടുത്ത ഖലീല്‍ അഹമ്മദും കുല്‍ദീപ് യാദവുമാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഭുവനേശ്വര്‍ കുമാറിനും രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 377 റണ്‍സ് അടിച്ചെടുത്തത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (162) അമ്പാട്ടി റായുഡുവിന്റെയും (100) സെഞ്ച്വറികളാണ് ഇന്ത്യയെ വന്‍ സ്കോറിലെത്തിച്ചത്. 137 പന്തുകളില്‍ 20 ബൗണ്ടറികളും നാലു സിക്സറുമടങ്ങിയതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്സ്. കരിയറില്‍ താരത്തിന്റെ 21ാം സെഞ്ച്വറിയാണിത്. 81 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്സറും പായിച്ചാണ് റായുഡു 100 റണ്‍സെടുത്തത്. ശിഖര്‍ ധവാന് (38), വിരാട് കോലി (16), എംഎസ് ധോണി (23) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കേദാര്‍ ജാദവും (16*) രവീന്ദ്ര ജഡേജയും (7*) പുറത്താവാതെ നിന്നു. മികച്ച തുടക്കമാണ് ഇന്ത്യക്കു രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഈ സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനിടെയാണ് ധവാനെ പുറത്താക്കി വിന്‍ഡീസ് കളിയിലേക്കു തിരിച്ചുവന്നത്.
12ാം ഓവറിലെ അഞ്ചാം പന്തില്‍ കീമോ പോളിന്റെ ബൗളിങില്‍ ധവാനെ മിഡ് വിക്കറ്റില്‍ കിരെണ്‍ പവെല്‍ പിടികൂടുകയായിരുന്നു. 40 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്സറുമുള്‍പ്പെട്ടതായിരുന്നു ധവാന്റെ ഇന്നിങ്സ്. കഴിഞ്ഞ മല്‍സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഇന്ത്യന്‍ ബാറ്റിങിന്റെ ചുമതല വൈസ് ക്യാപ്റ്റന്‍ രോഹിത് ഏറ്റെടുക്കുകയായിരുന്നു. കോലി നേരത്തേ പുറത്തായെങ്കിലും മികച്ച ഇന്നിങ്സിലൂടെ രോഹിത് ടീമിനെ കരകയറ്റി. കരിയറിലെ 21ാം ഏകദിന സെഞ്ച്വറിയാണ് ഹിറ്റ്മാന് കണ്ടെത്തിയത്. ഓപ്പണറെന്ന നിലയില്‍ ഏറ്റവും കുറവ് ഇന്നിങ്സുകളില്‍ നിന്നും 21 സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ താരമാണ് രോഹിത്. 107 ഇന്നിങ്സുകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം.
ഇന്ത്യയുടെ ഏകദിന ടീമില്‍ തന്റെ സ്ഥാനം ഭദ്രമാക്കിക്കൊണ്ടാണ് റായുഡു സെഞ്ച്വറിയുമായി കസറിയത്. കരിയറിലെ മൂന്നാമത്തെ ഏകദിന സെഞ്ച്വറിയാണ് റായുഡു ഈ കളിയില്‍ നേടിയത്. 80 പന്തുകളില്‍ എട്ടു ബൗണ്ടറികളും നാലു സിക്സറുമടക്കമാണ് റായുഡു സെഞ്ച്വറിയിലേക്കു കുതിച്ചെത്തിയത്. 2017ല്‍ കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരേ യുവരാജ് സിങ് സെഞ്ച്വറി നേടിയ ശേഷം നാലാം നമ്പറില്‍ 100 തികച്ച ആദ്യ ഇന്ത്യന്‍ താരമായി റായുഡു മാറി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.