നൂറു ദിനം പൂർത്തിയാക്കി ജനതാദൾ. എസ്-കോൺഗ്രസ് സഖ്യ സർക്കാർ മുന്നോട്ട്.

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ്- ജനതാദൾ. എസ്. സഖ്യ സർക്കാർ നൂറു ദിനം പൂർത്തിയാക്കി. മന്ത്രിസഭ രൂപവത്കരണത്തെ ത്തുടർന്നുള്ള തർക്കങ്ങളും അസ്വാരസ്യങ്ങളും പ്രകടമായെങ്കിലും കാർഷിക വായ്പ എഴുതി ത്തള്ളിയതിലൂടെ മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിക്ക് കർഷകരുടെ മിത്രമെന്ന പ്രതിച്ഛായ ഇതിനിടെ നേടാനായി. സഹകരണ- പൊതുമേഖല ബാങ്കുകളിൽ നിന്നുള്ള 44000 കോടി രൂപയുടെ കാർഷിക വായ്പയാണ് എഴുതിത്തള്ളിയത്.

കഴിഞ്ഞ കോൺഗ്രസ് സർക്കാറിന്റെ ക്ഷേമ പദ്ധതികൾ തുടരാനും കുമാരസ്വാമി നിർബന്ധിതനായി. സിദ്ധരാമയ്യ നടപ്പാക്കിയ അന്നഭാഗ്യ പദ്ധതി വെട്ടിച്ചുരുക്കാൻ തീരുമാനിച്ചെങ്കിലും സിദ്ധരാമയ്യയുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. സിദ്ധരാമയ്യയുടെ എതിർപ്പ് അവഗണിച്ച് ബജറ്റ് അവതരിപ്പിക്കാൻ കുമാരസ്വാമിക്ക് കഴിഞ്ഞെങ്കിലും പല നിർദ്ദേശങ്ങളും പിൻവലിക്കേണ്ടി വന്നു.

കാർഷിക വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതാണ് മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ട പ്രധാന വെല്ലുവിളി. ഇതിനായി പൊട്രോളിനും ഡീസലിനും നികുതി വർധിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി. ഇന്ധന വില ഉയർത്തിയതിനെതിരേ മാധ്യമങ്ങൾ തുടർച്ചയായി വാർത്ത നൽകിയത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. വിധാന സൗധയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വിവാദമായപ്പോൾ പിൻവലിക്കേണ്ടി വന്നു. ജനതാദൾ.എസ്. ദേശീയ അധ്യക്ഷനും പിതാവുമായ എച്ച്. ഡി. ദേവഗൗഡയും സഹോദരൻ എച്ച്. ഡി. രേവണ്ണയുമാണ് ഭരണം നടത്തുന്നതെന്ന ബി. ജെ.പി.യുടെ ആരോപണവും സർക്കാറിന് നേരിടേണ്ടി വന്നു. വിദ്യാർഥികൾക്കുള്ള സൗജന്യ ബസ് പാസ് നിർത്തലാക്കിയതും വിവാദത്തിനിടയാക്കി.

സഖ്യസർക്കാറിനെ പിന്തുണക്കുന്നതിൽ കോൺഗ്രസ് നേതാക്കളിൽ അഭിപ്രായ ഭിന്നത വന്നതും സർക്കാറിനെ ബാധിച്ചു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനകൾ പലപ്പോഴും മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കി. കർണാടകത്തിൽ പാർട്ടിയുടെ ചുമതലയുള്ള എ. ഐ. സി. സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടപ്പെട്ടാണ് സിദ്ധരാമയ്യയെ അനുനയിപ്പിച്ചത്. എന്നാൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതായ സിദ്ധരാമയ്യയുടെ വെളിപ്പെടുത്തൽ സർക്കാർ പ്രതിസന്ധിയിലാണെന്ന അഭ്യൂഹം ശക്തമാക്കി. സർക്കാറിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് രൂപവത്കരിച്ച ഏകോപന സമിതി യോഗത്തിൽ പലപ്പോഴും നേതാക്കൾക്കിടയിലെ ഭിന്നത പുറത്തുവന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ മാത്രമേ സഖ്യം നിലനിൽക്കുവെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും സഖ്യം അഞ്ച് വർഷം തികയ്ക്കണമെന്ന അഭിപ്രായക്കാരാണ്. കോൺഗ്രസിൽ 20- ഓളം എം. എൽ. എ.മാർ അതൃപ്തരാണ്. മന്ത്രിസഭ വികസനത്തിലൂടെ ഇവരെ അനുനയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രശ്നം സങ്കീർണമാകും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ. പി.യെ തളക്കാൻ ജനതാദളുമായുള്ള സഖ്യം കോൺഗ്രസിന് ആവശ്യമാണ്. അതിനാൽ കോൺഗ്രസ് കേന്ദ്രനേതൃത്വം ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. ഇത് മുഖ്യമന്ത്രി കുമാരസ്വാമിക്കും അറിയാം. ബി. ജെ. പി.ക്കെതിരേ ദേശീയ തലത്തിൽ ബദൽ രൂപവത്‌കരിക്കാൻ കോൺഗ്രസിന് ഉത്തരവാദിത്വമുണ്ടെന്നും അതിനാൽ സഖ്യം നിലനിർത്തേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്വമാണെന്നും കുമാരസ്വാമി വ്യക്തമാക്കിക്കഴിഞ്ഞു. കർണാടകത്തിൽ സഖ്യം തകർന്നാൽ ദേശീയ തലത്തിലും പ്രതിഫലനമുണ്ടാകും.

മേയ് 24-നാണ് കോൺഗ്രസ് പിന്തുണയോടെ എച്ച്. ഡി. കുമാരസ്വാമി കർണാടകത്തിൽ രണ്ടാംതവണ മുഖ്യമന്ത്രിയാകുന്നത്. 2004-ലും 2006-ലും രൂപവത്കരിച്ച സഖ്യസർക്കാറുകൾ പരാജയമായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us