ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിവസം ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ 4×400 മീറ്ററിലാണ് ഇന്ത്യന്‍ പെണ്‍പുലകള്‍ സ്വര്‍ണക്കുതിപ്പ് നടത്തിയത്. ഈ ഇനത്തില്‍ ബഹ്‌റൈന്‍ വെള്ളി നേടിയപ്പോള്‍ വിയറ്റ്‌നാമിനാണ് വെങ്കലം. നേരത്തെ മികസ്ഡ് റിലേയില്‍ ഇന്ത്യയുടെ സ്വര്‍ണക്കുതിപ്പ് ബഹ്‌റൈന്‍ താരം ട്രാക്കില്‍വീണ് തടഞ്ഞിരുന്നു. ഇതിനുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ വിജയം.
3.28.72 സെക്കന്റില്‍ ഇന്ത്യ ഫിനിഷ് ചെയ്തു. ഈ ഇനത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം സ്വര്‍ണമാണിത്. ഹിമ ദാസ്, എം ആര്‍ പൂവമ്മ, സരിതാബെന്‍ ഗെയ്ക്ക് വാദ്, മലയാളി കൂടിയായ വിസ്മയ എന്നിവരുള്‍പ്പെട്ടതായിരുന്നു ഇന്ത്യയുടെ ടീം. ഏതാണ്ട് 10 മീറ്ററോളം വ്യത്യാസത്തിലാണ് അവസാന ലാപ്പിലോടിയ വിസ്മയ ഇന്ത്യയ്ക്കായി സ്വര്‍ണമെത്തിച്ചത്.
മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍ പുരുഷന്മാരുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. ജിന്‍സണ്‍ 3.44.72 മിനിറ്റില്‍ ഫിനിഷ് ചെയ്തു. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി മെഡല്‍ നേടിയിരുന്നു. കൂടാതെ, 1500 മീറ്ററില്‍ മലയാളി താരം പിയു ചിത്രയും ഡിസ്‌കസ് താരം സീമ പൂണിയയും വെങ്കലം നേടി.
ഇതോടെ, ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 56 ആയി ഉയര്‍ന്നു. 12 സ്വര്‍ണവും 20 വെള്ളിയും 25 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ഗെയിംസിന്റെ പന്ത്രണ്ടാംദിനം മലയാളി താരം പി യു ചിത്രയും, ജിസ്‌കസ് ത്രോയില്‍ സീമ പൂണിയയും വെങ്കലം നേടിയിരുന്നു. അതേസമയം, ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം ഫൈനലിലെത്തുന്നതില്‍ പരാജയപ്പെട്ടു. ടൈബ്രേക്കറില്‍ മലേഷ്യയോടാണ് ഇന്ത്യ തോറ്റത്.
ഇന്ത്യയുടെ സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങ്, വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മന്‍, പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മന്‍ജീത് സിങ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.
കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.