ബെംഗളൂരു : വ്യാപകനാശം വിതച്ച് തെക്കു പടിഞ്ഞാറൻ കാലവർഷം കർണാടകയിൽ ശക്തമായി. രണ്ടു ദിവസം കൂടി സംസ്ഥാനത്തു കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ മഴ കുറെ ദിവസങ്ങൾ കൂടി തുടരും. ദക്ഷിണ കന്നഡ, ഉഡുപ്പി, മംഗളൂരു, കുടക്, ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നിവിടങ്ങളിൽ കാലവർഷം ജനജീവിതം സ്തംഭിപ്പിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് ഇവിടങ്ങളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരുവിലും ഇടവിട്ട് പെയ്യുന്ന മഴ ദിവസങ്ങളോളം തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
∙ ഡെങ്കിപ്പനി, ചിക്കുൻഗുനിയ കാലവർഷം കനത്തതോടെ ഡെങ്കിപ്പനി, ചിക്കുൻഗുനിയ ഭീതിയിലാണ് ബെംഗളൂരു. ഈ വർഷം ഇതുവരെ 384 പേർക്കു ഡെങ്കിപ്പനിയും 47 പേർക്കു ചിക്കുൻഗുനിയയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി കൂടുതൽ ബെംഗളൂരു ഈസ്റ്റിലും ചിക്കുൻഗുനിയ ബെംഗളൂരു സൗത്തിലുമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പകർച്ചവ്യാധികൾ കുറവാണെന്നു ബെംഗളൂരു മഹാനഗരസഭാ (ബിബിഎംപി) അധികൃതർ പറയുന്നു. കഴിഞ്ഞ വർഷം ബിബിഎംപി പരിധിയിൽ 6715 പേർക്കു ഡെങ്കിയും 108 പേർക്കു ചിക്കുൻഗുനിയയും ബാധിച്ചിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയാണ് അസുഖങ്ങൾ പെരുകുന്നതെന്നതിനാൽ മഴക്കാലത്തു ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
∙ വെള്ളക്കെട്ട് അറിയാൻ ആപ്പ് നോക്കിനിൽക്കെ പ്രളയജലം കയറുന്ന നഗരമാണ് ബെംഗളൂരു. എപ്പോൾ എവിടെ വെള്ളം കയറുമെന്നു പറയാനാകില്ല. ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമായി മഴക്കാലത്തു വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്കു വെള്ളക്കെട്ടിനെക്കുറിച്ച് തൽസമയ വിവരം നൽകുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിബിഎംപിയും കർണാടക ദുരന്ത നിവാരണ നിരീക്ഷണ കേന്ദ്രവും (കെഎസ്എൻഡിഎംസി). ബിബിഎംപി പരിധിയിലെ ഓരോ റോഡിലെയും ജലനിരപ്പ് സംബന്ധിച്ച തൽസമയം വിവരം നൽകുന്ന ആപ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതു പൂർത്തിയാകാൻ മാസങ്ങളെടുത്തേക്കാം. അതിനാൽ അടുത്ത മഴക്കാലത്തോടെയേ ഇവ നഗരവാസികൾക്കു ലഭ്യമാകൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.