ബെംഗളൂരു: ഹൈക്കോടതിയുടെ ഇടപെടലോടെ നമ്മ മെട്രോ സമരം വീണ്ടും മാറ്റിവച്ചു, അനിശ്ചിതകാല സമരത്തിൽ നിന്ന് തൊഴിലാളി സംഘടന താൽക്കാലികമായി പിൻമാറി. ഈ മാസം പതിനെട്ടിനകം കർണാടക സർക്കാർ ബിഎംആർസിഎൽ മാനേജ്മെന്റ്, ജീവനക്കാരുടെ സംഘടനകൾ, തൊഴിൽവകുപ്പ് എന്നിവയുമായി സംയുക്ത ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
ഹൈക്കോടതി ഉത്തരവ് അനുകൂലമല്ലെങ്കിൽ ഇന്നലെ വൈകിട്ട് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നായിരുന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ പ്രഖ്യാപിച്ചിരുന്നത്.
കോടതി തീരുമാനം അംഗീകരിക്കുന്നുവെന്നും 18ന് ശേഷം ഭാവിപരിപാടികൾ പ്രഖ്യാപിക്കുമെന്നും ബിഎംആർഇയു വൈസ് പ്രസിഡന്റ് സൂര്യനാരായണ മൂർത്തി പറഞ്ഞു. മൂന്നാംതവണയാണ് ഹൈക്കോടതി ഇടപടലിനെ തുടർന്ന് യൂണിയൻ സമരം മാറ്റിയത്.
ശമ്പള പരിഷ്കരണം, തൊഴിലാളി യൂണിയനുകൾക്ക് അംഗീകാരം, രാത്രി ജോലിക്ക് പ്രത്യേക അലവൻസ്, ജീവനക്കാരുടെ കരാർ സമ്പ്രദായം അവസാനിപ്പിക്കൽ, സേവന വേതന വ്യവസ്ഥകൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയൻ ഉന്നയിച്ചിരിക്കുന്നത്.
ബിഎംആർസിഎൽ മാനേജ്മെന്റും യൂണിയൻ പ്രതിനിധികളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏഴ് തവണ ചർച്ച നടത്തിയെങ്കിലും പരിഹാര നടപടികൾ ഉണ്ടായില്ല.
തൊഴിലാളികൾ സമരത്തിലേക്ക് കടന്നാൽ മെട്രോ സർവീസ് തടസ്സപ്പെടാതിരിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ ബിഎംആർസിഎൽ നടത്തിയിരുന്നു.അവശ്യഘട്ടത്തിൽ മെട്രോ ട്രെയിനുകൾ ഓടിക്കാൻ സാങ്കേതിക വിഭാഗം ജീവനക്കാർക്ക് പരിശീലനം നൽകിയിരുന്നു. കൂടാതെ കൊച്ചി മെട്രോയിൽ നിന്ന് ജീവനക്കാരെ എത്തിക്കാനുള്ള ക്രമീകരണവും ഒരുക്കി. മെട്രോ പണിമുടക്ക് സംബന്ധിച്ചുള്ള ആശങ്ക കാരണം ഇന്നലെ ഗ്രീൻ, പർപ്പിൾ ലൈനുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.