ബെംഗളൂരു : ഹെൽമറ്റ് ധരിക്കാത്തതിനു പലതവണ പിഴയീടാക്കിയിട്ടും നന്നാകാത്ത ഇരുചക്രവാഹന യാത്രക്കാരെ ബോധവൽക്കരണത്തിലൂടെ നന്നാക്കാൻ ട്രാഫിക് പൊലീസ്. ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സിറ്റി ട്രാഫിക് പൊലീസിന്റെ നടപടി. വാഹനമോടിക്കുന്നവർക്കും പിന്നിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാണ്. ഹെൽമറ്റ് ഉപയോഗിക്കുന്നവരിൽതന്നെ പലരും സ്ട്രാപ്പ് ഇടാതെയാണ് ഹെൽമറ്റ് തലയിൽ വയ്ക്കുന്നത്.
നഗരത്തിലെ വാഹനാപകടങ്ങളിൽ ഉൾപ്പെടുന്നവരിൽ അറുപതുശതമാനവും ഇരുചക്രവാഹനയാത്രികരാണെന്നു ട്രാഫിക് അഡീഷനൽ കമ്മിഷണർ എച്ച്. ഹിതേന്ദ്ര പറഞ്ഞു. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും. തലയ്ക്കു മാരക ക്ഷതമേറ്റ് മരണത്തിനു കീഴടങ്ങുന്നവരുടെ എണ്ണം പെരുകിയിട്ടും ഹെൽമറ്റ് ധരിക്കാൻ യുവാക്കൾക്കു മടിയാണ്. ട്രാഫിക് സിഗ്‌നലുകളിലും പാർക്കിങ് സ്ഥലങ്ങളിലുമാണ് പൊലീസ് ബോധവൽക്കരണം നടത്തുന്നത്.
ഇംഗ്ലിഷിലും കന്നഡയിലുമുള്ള ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. നിലവാരമില്ലാത്ത ഹെൽമറ്റ് ധരിക്കുന്നതുകൊണ്ടു കാര്യമായ സുരക്ഷ ലഭിക്കുന്നില്ല. ലക്ഷങ്ങൾ വിലയുള്ള ബൈക്ക് വാങ്ങുമ്പോഴും ആയിരം രൂപ വരുന്ന ഹെൽമറ്റ് വാങ്ങാൻ പലർക്കും മടിയാണെന്ന് ഹിതേന്ദ്ര പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഇന്ത്യൻ റോഡുകളിലൂടെ ഇരുചക്രവാഹനമോടിക്കുന്നവരിൽ പത്തിൽ രണ്ടുപേർ അപകടത്തിൽപെടുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.