ബെംഗളൂരു : ബെംഗളൂരുവിനു പുറത്തുള്ള ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന 246 ഇന്ദിരാ കന്റീനുകൾ ജനുവരിയിൽ പൂർത്തിയാകാനിടയില്ല. പകുതി കന്റീനുകളുടെ നിർമാണ പ്രവർത്തനങ്ങൾപോലും ഇനിയും ആരംഭിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടു ജനത്തിനു സമർപ്പിക്കാനിരുന്ന കന്റീനുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സിദ്ധരാമയ്യ സർക്കാരിനു കഴിയാതെവന്നേക്കും. നഗരവികസന വകുപ്പിനാണ് ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ കന്റീനുകൾ സ്ഥാപിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.
പകുതിയിൽ താഴെ പ്രദേശങ്ങളിൽ മാത്രമാണു സ്ഥലമേറ്റെടുത്തു കെട്ടിടങ്ങളുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്. 185 കോടി രൂപയാണ് കെട്ടിടനിർമാണത്തിനായി വകയിരുത്തിയിരിക്കുന്നത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാൻ സിദ്ധരാമയ്യ സർക്കാർ ആരംഭിച്ച ഇന്ദിരാ കന്റീൻ ബെംഗളൂരു നഗരത്തിൽ ഓഗസ്റ്റ് 15നാണ് പ്രവർത്തനമാരംഭിച്ചത്.
ചുരുങ്ങിയ കാലയളവിൽ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ കന്റീനുകൾ നഗരത്തിനു പുറത്തേക്കു വ്യാപിപ്പിക്കുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറെ ഗുണം ചെയ്യുമെന്നാണു കരുതിയിരുന്നത്. നിലവിലെ സാഹചര്യത്തിൽ അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നാൽ കന്റീനുകൾ ആരംഭിക്കുന്നതും പ്രതിസന്ധിയിലാകും.
198 വാർഡുകളുള്ള ബിബിഎംപി പരിധിയിലെ 150 വാർഡുകളിലാണു കന്റീനുകൾ പ്രവർത്തനമാരംഭിച്ചത്. അനുയോജ്യമായ സ്ഥലം ലഭ്യമാകാത്ത സ്ഥലങ്ങളില്‍ മൊബൈൽ കന്റീനുകൾ ജനുവരി ഒന്നിനകം ആരംഭിക്കാനാണ് ബിബിഎംപിക്കു നിർദേശം ലഭിച്ചിരിക്കുന്നത്. മൈസൂരു നഗരത്തിൽ 11 കന്റീനുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. അഞ്ചു രൂപയ്ക്കു പ്രഭാതഭക്ഷണവും പത്തു രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും ലഭിക്കുന്ന കന്റീനിൽ ധാന്യവിഭവങ്ങൾകൂടി മെനുവിൽ ഉൾപ്പെടുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.