ബെംഗളൂരു : ക്രിസ്മസിനു നാട്ടിലേക്കു വൻതിരക്കുള്ള 22നു ബെംഗളൂരുവിൽ നിന്നുള്ള ബസുകളിൽ ടിക്കറ്റിനായി മലയാളികളുടെ നെട്ടോട്ടം. കേരള ആർടിസിയുടെ എട്ട് സ്പെഷൽ ബസുകളിലെയും ടിക്കറ്റുകൾ വിറ്റുതീർന്നു. കർണാടക ആർടിസിയുടെ 30 സ്പെഷലുകളിൽ 12 എണ്ണത്തിൽ മാത്രമേ ടിക്കറ്റുകൾ ശേഷിക്കുന്നുള്ളു. നിരക്ക് വളരെ കൂടുതലായതിനാലാണ് ഇവയിലെ ടിക്കറ്റുകൾ വിറ്റുപോകാത്തത്. സ്വകാര്യ ബസുകളും അമിത നിരക്കാണ് ഈടാക്കുന്നത്.
ട്രെയിനുകളിലും ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ ഈ ദിവസം കേരള ആർടിസി കൂടുതൽ സ്പെഷലുകൾ അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. തിരക്കു കൂടുതലുള്ള തൃശൂർ, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കു കൂടുതൽ സ്പെഷലുകൾ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. സേലം വഴി തെക്കൻ കേരളത്തിലേക്കു സർവീസുകളൊന്നും ഉണ്ടാകില്ല.