ബെംഗളൂരു : നിർദിഷ്ട മൈസൂരു-തലശ്ശേരി റെയിൽപാത സംബന്ധിച്ചു കേരളവും കർണാടകയും തമ്മിലുള്ള ചർച്ച എട്ടിനു ബെംഗളൂരുവിൽ നടക്കും. വിധാൻസൗധയിൽ നടക്കുന്ന ചർച്ചയിൽ കേരള ഗതാഗതവകുപ്പു സെക്രട്ടറി കെ.ആർ.ജ്യോതിലാലും കർണാടക ചീഫ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഖുന്ത്യയും പങ്കെടുക്കും. പാതയുടെ വിശദ പദ്ധതിരേഖ സമർപ്പിക്കാൻ റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണു നടപടികൾ വീണ്ടും ചൂടുപിടിക്കുന്നത്.
പദ്ധതി നടപ്പിലാക്കാൻ കർണാടക സർക്കാരും താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഉന്നതതല ചർച്ചയ്ക്കു കളമൊരുങ്ങിയത്. ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക സർവേയിൽ 196 കിലോമീറ്റർ ദൂരമാണു പാതയ്ക്കുള്ളത്. മൈസൂരുവിലെ കടക്കോളയിൽനിന്നാരംഭിച്ച് എച്ച്.ഡി.കോട്ട, മാനന്തവാടി, കൊട്ടിയൂർ, നെടുമ്പൊയിൽ വഴി തലശ്ശേരിയിൽ എത്തുന്ന വിധത്തിലാണു സർവേ പൂർത്തിയാക്കിയത്.
നാഗർഹോളെ വന്യജീവിസങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയ്ക്കു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ആവശ്യമാണ്. പാത വരുന്നതോടെ മലബാറിൽനിന്നുള്ളവർക്കു മൈസൂരു, ബെംഗളൂരു നഗരങ്ങളിലേക്ക് എത്താനുള്ള ദൂരം പകുതിയായി കുറയും. ഏഴുവർഷംകൊണ്ടു നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.