ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതികളുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL). മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും വെച്ച് യാത്രക്കാർക്ക് പെട്ടെന്ന് രോഗബാധയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടാകുമ്പോൾ ആവശ്യമായ ആംബുലൻസ് സേവനം ലഭ്യമാക്കുന്ന പദ്ധതിക്കാണ് ബിഎംആർസിഎൽ രൂപം നൽകുന്നത്. മെട്രോ യാത്രക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ സമയത്ത് വൈദ്യസഹായം ലഭിക്കുന്നില്ലെന്ന വ്യാപകമായ പരാതികളെ തുടർന്നാണ് അധികൃതരുടെ ഈ നിർണ്ണായക നടപടി.
നിലവിൽ പ്രതിദിനം എട്ട് മുതൽ ഒമ്പത് ലക്ഷം വരെ യാത്രക്കാരാണ് നമ്മ മെട്രോയെ ആശ്രയിക്കുന്നത്. മെട്രോ ശൃംഖല നഗരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പുതിയ സേവനങ്ങൾ ഒരുക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രധാന മെട്രോ സ്റ്റേഷനുകളിലായിരിക്കും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുക. നഗരത്തിലെ കനത്ത ഗതാഗതക്കുരുക്കിൽ പെടാതെ രോഗികളെ വേഗത്തിൽ ആശുപത്രികളിൽ എത്തിക്കാൻ സാധാരണ ആംബുലൻസുകൾക്ക് പുറമെ ബൈക്ക് ആംബുലൻസുകളും ഈ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തും.
മെട്രോ യാത്രക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ പ്രഥമശുശ്രൂഷയും സൗജന്യ ചികിത്സയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്ലിനിക്കുകളും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രമുഖ കോർപ്പറേറ്റ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (CSR Fund) വിനിയോഗിച്ചായിരിക്കും ഈ ക്ലിനിക്കുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുക.
അടിയന്തര വൈദ്യസഹായ രംഗത്ത് നമ്മ മെട്രോ മുൻപും മാതൃകാപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. നഗരത്തിലെ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കി അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള കരൾ സമയബന്ധിതമായി എത്തിക്കാൻ സമീപകാലത്ത് മെട്രോ ട്രെയിൻ വിജയകരമായി ഉപയോഗിച്ചിരുന്നു. വൈറ്റ്ഫീൽഡിലെ വൈദേഹി ആശുപത്രിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള രാജരാജേശ്വരി നഗറിലെ സ്പർശ് ആശുപത്രിയിലേക്കാണ് ബിഎംആർസിയുടെ പ്രത്യേക യാത്രാ മാനദണ്ഡങ്ങൾ പാലിച്ച് അതിവേഗത്തിൽ അവയവം എത്തിച്ചത്. ഈ മാതൃക കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആംബുലൻസ്, ക്ലിനിക് സേവനങ്ങൾ കൂടി യാത്രക്കാർക്കായി സജ്ജമാക്കുന്നത്.
