അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ ശരത്തിന്റെ കുടുംബവുമായി ബന്ധമുള്ള ഒരാളും ഉണ്ടെന്നാണു വിവരം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്നു സംശയിക്കുന്ന കാറും കണ്ടെത്തിയിട്ടുണ്ട്.
50 ലക്ഷം നൽകണമെന്നും ഇല്ലെങ്കിൽ ഇവർ ലക്ഷ്യമിടുന്നതു ശരത്തിന്റെ സഹോദരിയെയാണെന്നും പൊലീസിൽ അറിയിക്കരുതെന്നുമായിരുന്നു വാട്ട്സ്ആപ്പ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നത്. സഹോദരിയുടെ മൊബൈലിൽ ശരത്തിന്റെ നമ്പരിൽനിന്നു ചൊവ്വാ രാത്രി എട്ടരയോടെയാണു സന്ദേശം വന്നത്. അപ്പോൾ തന്നെ കുടുംബം പൊലീസിൽ പരാതി നൽകി. പിതാവിന്റെ പ്രവർത്തിമൂലം ദുരിതമനുഭവിച്ചവരാണു തന്നെ തട്ടിയെടുത്തതെന്നാണു വിഡിയോയിൽ ശരത്ത് പറയുന്നത്. അടുത്ത ദിവസം വീണ്ടും വിളിക്കും എന്നു പറഞ്ഞിരുന്നെങ്കിലും അങ്ങനെയൊരു കോൾ എത്തിയില്ല. കാറിനുള്ളിൽവച്ചാണു വിഡിയോ എടുത്തത്. ശരത്തിന്റെ ദേഹത്തു കാണാവുന്ന തരത്തിൽ പരുക്കുകളൊന്നും ഇല്ലെന്നും പൊലീസ് അറിയിച്ചിരുന്നു. സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചിക്കുന്നത്.
ബെംഗളൂരുവിനടുത്തു കെങ്ങേരി ഉള്ളാല എന്ന സ്ഥലത്താണു ശരത്തും കുടുംബവും താമസിക്കുന്നത്. ഹെസാർഘട്ട റോഡിൽ ആചാര്യ കോളജിലെ രണ്ടാം വർഷ ഓട്ടമൊബൈൽ എൻജിനീയറിൽ ഡിപ്ലോമ വിദ്യാർഥിയാണു ശരത്ത്. പുതിയതായി വാങ്ങിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാൻ ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണു ശരത്ത് വീട്ടിൽനിന്ന് ഇറങ്ങിയത്. അന്നു വൈകുന്നേരം കൂട്ടുകാർ ആരും ശരത്തിനെ കണ്ടിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. പുതിയ ബൈക്കിന്റെ റജിസ്ട്രേഷൻ നടപടികൾ നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.