ലക്‌നൗ: ദല്‍ഹി-കാണ്‍പുര്‍ ദേശീയപാത 91-ല്‍ വെള്ളിയാഴ്ച രാത്രി 1.30 ന് നോയിഡയില്‍ നിന്ന് ഷാജഹാന്‍പുരിലേക്ക് പോവുകയായിരുന്ന അമ്മയേയും മകളേയും അജ്ഞാതര്‍ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ വിവാദ പ്രസ്താവനകളുമായി മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അസം ഖാൻ . ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു അക്രമികൾ അമ്മയെയും മകളെയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത് . കേസുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും സംഭവത്തെ രാഷ്ട്രീയ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അസംഖാന്‍ പറഞ്ഞു. ലോലമനസ്സിന് ഉടമയാണ് താനെന്നും വിഷയത്തില്‍ വ്യക്തിപരമായി മറ്റാരേക്കാളും പീഡനത്തിനിരയായവരോടൊപ്പമാണ് താനെന്നും ഖാന്‍ വ്യക്തമാക്കി.
കുറ്റക്കാരായവരെ ഇസ്ലാം നിയമം അനുസരിച്ച് ശിക്ഷിക്കുമെന്നും ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തില്‍ ഖാന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് വിമര്‍ശിച്ച് വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കി ഖാന്‍ മലക്കം മറിഞ്ഞത്.സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഖാന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം ആസൂത്രണം ചെയ്തതാണ് കൂട്ടമാനഭംഗമെന്ന് സംശയിക്കുന്നതായും ഖാന്‍ പറഞ്ഞിരുന്നു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതോടൊപ്പം സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ നീക്കത്തിന്റെ ഫലമാണോയിതെന്നും അന്വേഷിക്കും. യു.പിയില്‍ അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന ചിലര്‍ തരംതാണ ഇത്തരം പ്രവൃത്തികള്‍ക്ക് മുന്നില്‍ മുട്ടു മടക്കിയോ എന്ന് സംശയമുണ്ടെന്നും അസം ഖാന്‍ പറഞ്ഞിരുന്നു.
യു.പി സര്‍ക്കാരിനെ ചെളി വാരിയെറിയാന്‍ എന്തും ചെയ്യാന്‍ പ്രതിപക്ഷം മടിക്കില്ല. വോട്ടിന് വേണ്ടി ആയിരം കലാപങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെങ്കില്‍ മുസാഫര്‍നഗര്‍. ഷാംലി, കൈരാന പോലുള്ള സംഭവങ്ങളും ഉണ്ടാവും. അങ്ങനെയെങ്കിലും ബുലന്ദേശ്വര്‍ സംഭവവും എന്തുകൊണ്ട് ഉണ്ടായിക്കൂടാ. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. പക്ഷേ അവര്‍ ഗാന്ധിയെ പോലും കൊന്നു കളഞ്ഞു. അസംഖാന്‍ കൂട്ടിച്ചേര്‍ത്തു