കഴിഞ്ഞ 20ന് പ്രസിദ്ധീകരിച്ച ബിബിസി റിപ്പോർട്ട്, കെആർ മാർക്കറ്റിനു സമീപത്തെ കന്റീൻ സന്ദർശിച്ചു ഗീതാ പാണ്ഡെ തയാറാക്കിയതാണ്. ഇവിടെ വിളമ്പുന്ന ഭക്ഷണം ഗുണമേന്മയുള്ളതും രുചികരവുമാണെന്നു റിപ്പോർട്ട് പറയുന്നു. പ്രാതലിന് അഞ്ചു രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പത്തുരൂപ വീതവുമാണ് ഈടാക്കുന്നത്. തമിഴ്നാട്ടിലെ അമ്മ ഉണവകത്തിലേതിനേക്കാൾ മികച്ചതാണ് ഇന്ദിരാ കന്റീനിലെ ഭക്ഷണമെന്നാണ് ഗീതയുടെ സാക്ഷ്യം.
കൂലിത്തൊഴിലാളികളും ഡ്രൈവർമാരും സെക്യൂരിറ്റി ഗാർഡുമാരും യാചകരും തുടങ്ങി ദരിദ്ര ജനവിഭാഗമാണ് ഇവിടെ നിന്ന് ഏറെയും ഭക്ഷണം കഴിക്കുന്നത്. വെറും 25 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം ഇവിടെ നിന്നു ലഭിക്കും. കഴിഞ്ഞ ഓഗസ്റ്റ് 16നാണ് ബെംഗളൂരുവിൽ പദ്ധതി ആരംഭിച്ചത്. നിലവിൽ 152 വാർഡുകളിലെ കന്റീനുകളിൽ നിന്നായി ദിവസേന രണ്ടു ലക്ഷത്തോളം പേർ ആഹാരം കഴിക്കുന്നു. ബെംഗളൂരുവിൽ 46 വാർഡുകളിലും കൂടി ഇതുടൻ തുറക്കുന്നതിനൊപ്പം സംസ്ഥാനമൊട്ടാകെ മറ്റ് 300 ഇടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നുണ്ട്.
കന്നഡിഗരുടെ ഇഷ്ടഭക്ഷണമായ റാഗി മുദ്ദെ ഇനി ഇന്ദിരാ കന്റീനിലെ മെനുവിലും ഇടംപിടിക്കും. ധാന്യവിഭവങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി കർണാടക കൃഷിവകുപ്പ് ഇതു സംബന്ധിച്ചുള്ള നിർദേശം ബിബിഎംപിക്കു നൽകിയതായി കൃഷിമന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു. റാഗികൊണ്ടുള്ള റൊട്ടി, ദോശ, ഇഡ്ഡലി തുടങ്ങിയ വിഭവങ്ങളും ഉൾപ്പെടുത്താൻ ആലോചനയുണ്ട്.
ജനതാദൾ എസിന്റെ നേതൃത്വത്തിൽ ഹനുമന്ത നഗറിൽ ആരംഭിച്ച അപ്പാജി കന്റീനിൽ റാഗി മുദ്ദെ വിഭവത്തിന് ആവശ്യക്കാർ ഏറെയാണ്. നിലവിൽ ഇന്ദിരാ കന്റീനിൽ പൊങ്കൽ, വാങ്കി ബാത്ത്, ബിസിബെല്ലെ ബാത്ത്, ടൊമോറ്റോ റൈസ് തുടങ്ങിയ വിഭവങ്ങളാണു വിതരണം ചെയ്യുന്നത്.