ഇന്ദിര കാന്റീനിനെ ബി.ബി.സി യിലെടുത്തു;വിശക്കുന്നവനു വേണ്ടിയുള്ള മികച്ച പദ്ധതിയെന്നു വിശേഷിപ്പിച്ചുകൊണ്ടാണ് പ്രത്യേക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ബെംഗളൂരു : സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായ ഇന്ദിരാ കന്റീൻ, ബിബിസി വാർത്തയിൽ ഇടം പിടിച്ചതോടെ രാജ്യാന്തര ശ്രദ്ധയിലേക്ക്. വിശക്കുന്നവനു വേണ്ടിയുള്ള മികച്ച പദ്ധതിയെന്നു വിശേഷിപ്പിച്ചുകൊണ്ടു ബിബിസി ന്യൂസ് പോർട്ടലിലാണ് പ്രത്യേക റിപ്പോർട്ട് വന്നത്. തുടർന്ന്, ‘വിശപ്പു മുക്ത കർണാടക’ എന്നതു തന്റെ വ്യക്തിപരമായ സമർപ്പണം കൂടിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. പോഷകാഹാരക്കുറവും വിശപ്പും തുടച്ചു നീക്കാനുള്ള തന്റെ സർക്കാരിന്റെ ആദ്യദിനം മുതൽക്കുള്ള പ്രയത്നത്തിന്റെ ഭാഗം കൂടിയാണ് ഇന്ദിരാ കന്റീനെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 20ന് പ്രസിദ്ധീകരിച്ച ബിബിസി റിപ്പോർട്ട്, കെആർ മാർക്കറ്റിനു സമീപത്തെ കന്റീൻ സന്ദർശിച്ചു ഗീതാ പാണ്ഡെ തയാറാക്കിയതാണ്. ഇവിടെ വിളമ്പുന്ന ഭക്ഷണം ഗുണമേന്മയുള്ളതും രുചികരവുമാണെന്നു റിപ്പോർട്ട് പറയുന്നു. പ്രാതലിന് അഞ്ചു രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പത്തുരൂപ വീതവുമാണ് ഈടാക്കുന്നത്. തമിഴ്നാട്ടിലെ അമ്മ ഉണവകത്തിലേതിനേക്കാൾ മികച്ചതാണ് ഇന്ദിരാ കന്റീനിലെ ഭക്ഷണമെന്നാണ് ഗീതയുടെ സാക്ഷ്യം.

കൂലിത്തൊഴിലാളികളും ഡ്രൈവർമാരും സെക്യൂരിറ്റി ഗാർഡുമാരും യാചകരും തുടങ്ങി ദരിദ്ര ജനവിഭാഗമാണ് ഇവിടെ നിന്ന് ഏറെയും ഭക്ഷണം കഴിക്കുന്നത്. വെറും 25 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം ഇവിടെ നിന്നു ലഭിക്കും. കഴിഞ്ഞ ഓഗസ്റ്റ് 16നാണ് ബെംഗളൂരുവിൽ പദ്ധതി ആരംഭിച്ചത്. നിലവിൽ 152 വാർഡുകളിലെ കന്റീനുകളിൽ നിന്നായി ദിവസേന രണ്ടു ലക്ഷത്തോളം പേർ ആഹാരം കഴിക്കുന്നു. ബെംഗളൂരുവിൽ 46 വാർഡുകളിലും കൂടി ഇതുടൻ തുറക്കുന്നതിനൊപ്പം സംസ്ഥാനമൊട്ടാകെ മറ്റ് 300 ഇടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നുണ്ട്.

കന്നഡിഗരുടെ ഇഷ്ടഭക്ഷണമായ റാഗി മുദ്ദെ ഇനി ഇന്ദിരാ കന്റീനിലെ മെനുവിലും ഇടംപിടിക്കും. ധാന്യവിഭവങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി കർണാടക കൃഷിവകുപ്പ് ഇതു സംബന്ധിച്ചുള്ള നിർദേശം ബിബിഎംപിക്കു നൽകിയതായി കൃഷിമന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു. റാഗികൊണ്ടുള്ള റൊട്ടി, ദോശ, ഇഡ്ഡലി തുടങ്ങിയ വിഭവങ്ങളും ഉൾപ്പെടുത്താൻ ആലോചനയുണ്ട്.

ജനതാദൾ എസിന്റെ നേതൃത്വത്തിൽ ഹനുമന്ത നഗറിൽ ആരംഭിച്ച അപ്പാജി കന്റീനിൽ റാഗി മുദ്ദെ വിഭവത്തിന് ആവശ്യക്കാർ ഏറെയാണ്. നിലവിൽ ഇന്ദിരാ കന്റീനിൽ പൊങ്കൽ, വാങ്കി ബാത്ത്, ബിസിബെല്ലെ ബാത്ത്, ടൊമോറ്റോ റൈസ് തുടങ്ങിയ വിഭവങ്ങളാണു വിതരണം ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us