നഗരത്തിലെ കോവിഡ് മരണസംഖ്യ 52 ദിവസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽ

ബെംഗളൂരു: നഗരത്തിലെ കോവിഡ് മരണസംഖ്യ 52 ദിവസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽ. ചൊവ്വാഴ്ച പുറത്ത് വന്ന റിപ്പോർട്ട് പ്രകാരമാണ് ഇത്.

നഗരത്തിൽ ഇന്നലെ കോവിഡ് ബാധിച്ച് 44 പേരാണ് മരിച്ചത്. തിങ്കളാഴ്ച ഇത് 199 ആയിരുന്നു. ഇതിന് മുൻപ് ഏപ്രിൽ 17നാണ് കുറഞ്ഞ മരണസംഖ്യ റിപ്പോർട്ട് ചെയ്തത്. 43 പേരായിരുന്നു അന്ന് മരിച്ചത്.

അതേസമയം വീടുകളിൽ ഐസോലേഷനിൽ കഴിയുന്ന കോവിഡ് രോഗികളുടെ മരണനിരക്ക് നഗരത്തിൽ കുത്തനെ വർധിക്കുന്നുണ്ട്. ജൂൺ രണ്ടിലെ കണക്കനുസരിച്ച് 1566 രോഗികളാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മരിച്ചത്. മേയ് 21-ന് ഇത് 778 ആയിരുന്നു. 11 ദിവസത്തിനിടെ മരിച്ചവരുടെ എണ്ണത്തിൽ ഇരട്ടി വർധനയാണുണ്ടായത്.

ഇതോടെ വീടുകളിൽക്കഴിയുന്ന രോഗികളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമായി. ഒന്നാംഘട്ട വ്യാപനസമയത്ത് വീടുകളിൽക്കഴിയുന്നവരെ കൃത്യമായി നീരീക്ഷിക്കാനുള്ള സംവിധാനം ആരോഗ്യവകുപ്പ് തയ്യാറാക്കിയിരുന്നു. വാർഡുതലത്തിൽ ഇതിനായി പ്രത്യേക സമിതിയും രൂപവത്കരിച്ചു.

എന്നാൽ, രണ്ടാംഘട്ട വ്യാപനം തുടങ്ങിയതോടെ ഇത്തരം രോഗികളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം. വാർറൂമുകളിൽ വീട്ടിൽക്കഴിയുന്ന രോഗികളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല. അതേസമയം, വീടുകളിൽക്കഴിയുന്ന കോവിഡ് രോഗികൾ രോഗം മൂർച്ഛിച്ചശേഷം മാത്രം ആരോഗ്യവകുപ്പിനെ വിവരമറിയിക്കുന്നതും മരണനിരക്ക് ഉയരാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

രോഗം സ്ഥിരീകരിക്കുമ്പോൾ നിരന്തരം ഓക്സിജൻ നില പരിശോധിക്കണമെന്നത്‌ ഉൾപ്പെടെയുള്ള നിർദേശങ്ങളുമായാണ് രോഗികളെ വീട്ടിലേക്ക് അയയ്ക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാലുടൻ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നും നിർദേശം നൽകാറുണ്ട്.

എന്നാൽ, രോഗികളും ബന്ധുക്കളും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ തയ്യാറാകുന്നില്ല. വീട്ടിൽക്കഴിയുന്ന രോഗികളുടെ മരണനിരക്ക് ഉയരുന്ന സാഹചര്യത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് ഹോം ഐസൊലേഷന്റെ ചുമതലയുള്ള കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. വിജയേന്ദ്ര ബിലഗുളി വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us