തിരുവനന്തപുരം: കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്.
ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്.
കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി.
അതില്‍ മൂന്നുപേരുടെ രോഗം പൂര്‍ണമായി മാറി. ഇപ്പോള്‍ ചികിത്സയിലുള്ള 12 പേരില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. എട്ടുപേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും.
ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 1,116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലാണുള്ളത്. 149 പേര്‍ ആശുപത്രികളിലുമുണ്ട്.
സംശയിക്കുന്ന 807 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. അതില്‍ 717ന്‍റെയും ഫലം നെഗറ്റീവായിട്ടാണ് വന്നിട്ടുള്ളത്. ബാക്കി വരാനുണ്ട്.
സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാല്‍, കോവിഡ് 19 വ്യാപനം നിയന്ത്രിക്കാന്‍ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോര. സ്ഥിതി നിയന്ത്രിച്ചുനിര്‍ത്താന്‍ സര്‍ക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്.
ബഹുജന സംഘടനകള്‍ മുന്നിട്ടിറങ്ങണം.
നിലവില്‍ സംസ്ഥാനത്തുള്ള സാഹചര്യങ്ങള്‍ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിപുലവും ശക്തവുമായ ഇടപെടല്‍ തുടരേണ്ടതുണ്ട് എന്ന് തീരുമാനിച്ചു. അതിന്‍റെ ഭാഗമായി ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
ഒന്നാംക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും. ഈ നിയന്ത്രണം സിബിഎസ്സി, ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്കും അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും ബാധകമാണ്.
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളും മാര്‍ച്ച് 31 വരെ അടച്ചിടും. എസ്എസ്എല്‍സി പരീക്ഷയും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയും മാറ്റിവെയ്ക്കുന്നില്ല.
ആ പരീക്ഷകള്‍ എഴുതാന്‍ വരുന്നവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയില്‍ പരീക്ഷ എഴുതിക്കും.
ട്യൂഷന്‍ ക്ലാസുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കണം.
മദ്രസകള്‍, അങ്കണവാടികള്‍, ട്യൂറ്റോറിയലുകള്‍ എന്നിവയും മാര്‍ച്ച് 31 വരെ അടച്ചിടണം. അങ്കണവാടികളില്‍ പോകുന്ന കുട്ടികള്‍ക്കുള്ള ഭക്ഷണം അവരവരുടെ വീടുകളില്‍ എത്തിക്കും.
പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു തരം പഠനപ്രവര്‍ത്തനവും മാര്‍ച്ച് 31 വരെ ഉണ്ടാകരുത് എന്നാണ് തീരുമാനം.
എല്ലാതരം ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും അതുപോലുള്ള മറ്റ് പരിപാടികളും ഒഴിവാക്കുകയും അവ ചടങ്ങുകള്‍ മാത്രമായി നടത്തുകയും ചെയ്യണം. ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചു.
ശബരിമലയില്‍ പൂജകള്‍ നടക്കും. എന്നാല്‍ ഈ ഘട്ടത്തില്‍ ദര്‍ശനത്തിന് പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ രീതിയില്‍ മാത്രം നടത്തണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
സിനിമാശാലകളും മാര്‍ച്ച് 31 വരെ അടച്ചിടേണ്ടതാണ്. നാടകം പോലെ ആളുകള്‍ അധികമായി ഒത്തുചേരുന്ന കലാസംസ്ാരിക പരിപാടികളും മാറ്റിവെക്കണം.
നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമുണ്ടാക്കും.
സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും മാറ്റിവെക്കും. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളും ഇതില്‍ പെടും.
സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തും. എല്ലായിടത്തും സാനിറ്റൈസര്‍ ലഭ്യമാക്കും.
ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധ ഗണ്യമായി തന്നെയുണ്ട്. അവിടങ്ങളില്‍നിന്ന് വരുന്നവര്‍ സ്വയം സന്നദ്ധരായി മുന്‍കരുതലുകള്‍ എടുക്കണം. അത്തരക്കാര്‍ വീടുകളിലോ ഹോട്ടലുകളിലോ മറ്റ് ആളുകളുമായി സമ്പര്‍ക്കമില്ലാതെ കഴിയേണ്ടതും ആരോഗ്യവകുപ്പിനെ അക്കാര്യം അറിയിക്കേണ്ടതുമാണ്.
രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് വൈറസ് ബാധ ഉണ്ടാകുന്നത് എന്നതുകൊണ്ട് രോഗലക്ഷണമുള്ളവരും രോഗം ബാധിക്കാന്‍ സാധ്യതയുള്ള ആളുകളുമായോ പ്രദേശങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തിയവരും ജാഗ്രതയോടെ പെരുമാറണം. നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയില്‍ പെടുത്തും എന്നതാണ് മുന്നിലുള്ള അനുഭവം.
സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല, സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. കൂടുതല്‍ രോഗികള്‍ വരുന്നതനുസരിച്ച് ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലും പുറത്തുനിന്ന് ആളുകള്‍ എത്തുന്ന മറ്റ് യാത്രാമാര്‍ഗങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടുകളിലേക്ക് ഇതിനാവശ്യമായി കൂടുതല്‍ സ്റ്റാഫിനെ നല്‍കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വാര്‍ഡ് മെമ്പര്‍മാരുടേയും ആശാ വര്‍ക്കര്‍മാരുടേയും സഹായത്തോടെ കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താന്‍ നിരീക്ഷണസംവിധാനം ശക്തിപ്പെടുത്തും. ഇതിന് നഗര പ്രദേശത്ത് റസിഡന്‍സ് അസോസിസിയേഷന്‍റെ സഹായം ലഭ്യമാക്കും. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ടെസ്റ്റിങ് ലാബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സര്‍ട്ടിഫിക്കറ്റ് നിഷ്കര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാനും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സര്‍ക്കാരിന്‍റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നിര്‍ദേശങ്ങളല്ലാതെ വാര്‍ത്ത പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെടുക്കും.
വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഇന്നത്തെ സാഹചര്യത്തില്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്‍റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്‍റര്‍നെറ്റ് കിട്ടാനും ആവശ്യമായ നടപടി സ്വീകരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.