ബെംഗളൂരു:ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് അവശനിലയിലായ 40 ദിവസം പ്രായമായ കുഞ്ഞിനെ മംഗളൂരുവിൽനിന്ന് ബെംഗളൂരുവിലെത്തിക്കാൻ നാടൊരുമിച്ചു.
ആംബുലൻസിന് സുഗമമായ വഴിയൊരുക്കാൻ കർണാടക പോലീസിന്റെ നേതൃത്വത്തിൽ സീറോ ട്രാഫിക് ഏർപ്പെടുത്തിയപ്പോൾ നാലരമണിക്കൂറുകൊണ്ടാണ് കെ.എം.സി.സി.യുടെ ആംബുലൻസ് ബെംഗളൂരുവിലെത്തിയത്.
വഴിയിൽ പൊതുജനങ്ങളും സ്വന്തം വാഹനം ഒതുക്കി ആംബുലൻസിന് വഴിനൽകി.
മുമ്പ് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കും സമാനമായി ആംബുലൻസ് ഓടിച്ച ഹനീഫാണ് ഇത്തവണയും ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത്.
മംഗളൂരു സ്വദേശിയായ ഹാരിസ് ഗുരുകെട്ടയുടെ മകൻ സൈഫുൽ അസ്മാനെയാണ് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരു ജയദേവ ആശുപത്രിയിലെത്തിച്ചത്.
മംഗളൂരുവിലെ ഫാദർ മുള്ളർ ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചിരുന്നത്.
ജീവൻ കാക്കാൻ അടിയന്തര ചികിത്സ ആവശ്യമായി വന്നതോടെയാണ് ജയദേവ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനമായത്.
ആബുലൻസ് വഴി എത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ രാവിലെമുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
ഇതോടെ വിവിധ പ്രദേശങ്ങളിൽ ആംബുലൻസിന് വഴിയൊരുക്കാൻ നാട്ടുകാരുടെ സഹായവും ലഭിച്ചു. മംഗളൂരു ഉപ്പിനങ്ങാടി, ശക്‌ലേഷ്പുർ, ഹാസൻ വഴിയാണ് തിരഞ്ഞെടുത്ത്. ഉച്ചയ്ക്ക് 12 -ന് പുറപ്പെട്ട് വൈകീട്ട് 4.32 -നാണ് ബെംഗളൂരുവിലെത്തിയത്.
സാധാരണയായി എട്ടുമണിക്കൂറാണ് ഈ റൂട്ടിലൂടെയുള്ള യാത്രാസമയം. കുഞ്ഞിനെ ജയദേവ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.