ബെംഗളൂരു: രണ്ടാംനിര നഗരങ്ങളിൽ ഐ.ടി. നിക്ഷേപം ലക്ഷ്യംവെച്ച് സംസ്ഥാന സർക്കാർ പുതിയ ഐ.ടി. നയം കൊണ്ടുവരുന്നു. നിലവിൽ ഐ.ടി. സ്ഥാപനങ്ങൾ ബെംഗളൂരുവിലാണ് കേന്ദ്രീകരിക്കുന്നത്.
ഇതിനുപുറമെ മൈസൂരു, ഹുബ്ബള്ളി, ദാവൻഗരെ, ബെലഗാവി തുടങ്ങിയ നഗരങ്ങളിലും ഐ.ടി. നിക്ഷേപം എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനാണ് പുതിയനയത്തിൽ മുൻഗണന നൽകുന്നതെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നരായൺ പറഞ്ഞു.
കഴിഞ്ഞ പത്തുവർഷമായി ഐ.ടി. സ്ഥാപനങ്ങൾ ബെംഗളൂരുവിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംനിര നഗരങ്ങളിൽ അടിസ്ഥാനസൗകര്യമൊരുക്കുന്നതിന് സർക്കാർ 2000 കോടിരൂപ വകയിരുത്തും.
സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നവർക്ക് പ്രത്യേക സബ്‌സിഡി നൽകും. പുതിയ ഐ.ടി. നയം രൂപവത്കരിക്കുന്നതിന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ഉന്നതസമിതി രൂപവത്കരിക്കും.
രണ്ടാംനിര നഗരങ്ങളിൽ ഐ.ടി. കോറിഡോർ സ്ഥാപിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി സ്ഥലം ഏറ്റെടുക്കുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കും. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചുമതല മേഖല വ്യവസായവികസന ബോർഡിനായിരിക്കും.
നിക്ഷേപകർക്കായി ഏകജാലകസംവിധാനം ഒരുക്കും. ഐ.ടി. സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് ഏകജാലകസംവിധാനം ഒരുക്കുന്നതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.