ഈ ഫോട്ടോ കാണാത്തവര്‍ ആയി ആരും ഉണ്ടാവില്ല ബെംഗളൂരുവില്‍ ,ഒരു ദിവസം പോലും ബെംഗളൂരുവില്‍ വന്ന് മടങ്ങിയവര്‍ക്ക് കര്‍ണാടകയുടെ മറ്റു ഭാഗങ്ങളിലൂടെ സഞ്ചരിച്ചവര്‍ക്ക് ഒരു പ്രാവശ്യമെങ്കിലും ഈ ചിത്രം കണ്ണിലുടക്കിയിട്ടുണ്ടാകും.
സാധാരബസ് സ്റ്റോപ്പ് കളിലും ഓട്ടോ സ്റ്റാന്റ് കളിലും ഇദ്ദേഹത്തിന്റെ ചിത്രം നിറഞ്ഞു നില്‍ക്കുന്നുണ്ടാവും ,ഓട്ടോ റിക്ഷകളുടെ പിന്നിലും മുന്‍പില്‍ ഗ്ലാസിലും നിങ്ങള്‍ കണ്ടിട്ടുണ്ടാവും ആരാണിയാള്‍ ?
എന്തിനാണ് ജനങ്ങള്‍ കന്നഡ ജനത ഇദ്ദേഹത്തെ ഇത്രയധികം സ്നേഹിക്കുന്നത് ?
എന്തുകൊണ്ട് സാധാരണക്കാരുടെ ഹൃദയത്തില്‍ ഇന്നും ഈ ചിത്രങ്ങള്‍ നിലനില്‍ക്കുന്നു ?
ശങ്കര്‍ നാഗ് എന്നാണ് ഈ മഹാ പ്രതിഭയുടെ പേര്,ഒരു കാലഘട്ടത്തിലെ കന്നഡ സിനിമയുടെ മുഖചായ മാറ്റിയെഴുതിയ ആള്‍,ഒരു കാലഘട്ടത്തില്‍ ദൈവങ്ങളും അമാനുഷികരും വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നപ്പോള്‍ സാധാരണക്കാരന്റെ ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്തിയെഴുതിയ പ്രതിഭ.
വാണിജ്യ സിനിമയിലും സമാന്തര സിനിമയിലും ഒരേ പോലെ കൈവച്ചു വിജയിച്ച കന്നടയിലെ ഏക താരം.സീരിയലും സിനിമയും ഒരേ സമയം പ്രവര്‍ത്തിച്ചു രണ്ടിടത്തും വിജയം കൊയ്ത പ്രതിഭാസം.
സിനിമാ അഭിനയത്തിലും സംവിധാനത്തിലും ഒരേ സമയം കൈവച്ച് വിജയം മാത്രം കൈപ്പിടിയ്ല്‍ ഒതുക്കിയ ബഹുമുഖ പ്രതിഭ. സീരിയല്‍ലിലെ ഷോലെ യായ “മാല്‍ഗുഡി ഡെയ്സ് ന്റെ “ സംവിധായകന്‍.
ഇത്രയും മതി ശങ്കര്‍ നാഗ് എന്നാ പ്രതിഭയെ അടുത്തറിയാന്‍.
സിനിമ നടനും സംവിധായകനുമായ ശങ്കറിന്റെ ജീവിതം സിനിമയേക്കാള്‍ സങ്കീര്‍ണമായിരുന്നു വളര്‍ച്ച, വെള്ളിത്തിരയില്‍ ഏറ്റവും മുകളില്‍ നിറഞ്ഞു നിന്നിരുന്ന സമയത്ത് ഒരു ദുരന്തകാവ്യമായി ആ ചലച്ചിത്ര സപര്യക്ക് തിരശീല വീണു.(മലയാളത്തില്‍ കൃഷ്ണന്‍ നായര്‍ എന്ന ജയനെപ്പോലെ)
സദാനന്ദനഗരകട്ടെയുടെയും ആനന്ദിയുടെയും മകനായി 9 നവംബര്‍ 1954 ല്‍ ഉത്തരകനാറയില്‍ വരുന്ന മൈസൂര്‍ ജില്ലയിലെ മല്ലാപുര്‍,ഹോന്നവോര്‍,എന്നാ സ്ഥലത്ത് ഒരു കൊങ്കിണി കുടുംബത്തിലാണ് ശങ്കര്‍നാഗ് ജനിച്ചത്.
പിന്നീടു അദ്ധേഹത്തിന്റെ കുടുംബം ബത്കലിലേക്ക് താമസം മാറി.ശങ്കര്‍ നാഗിന് ശ്യാമള എന്നാ പേരില്‍ ഒരു മൂത്ത സഹോദരിയുണ്ടായിരുന്നു അനന്ത് നാഗ് എന്ന പേരില്‍ പിന്നീട് കന്നഡ സിനിമ ലോകത്ത് പ്രശസ്തനായ നടന്‍ ശങ്കര്‍ നാഗിന്റെ ജ്യോഷ്ട സഹോദരനാണ്.(സ്വാതി തിരുനാള്‍ എന്ന ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മലയാള ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ അഭിനയിച്ചത് അനന്ത് നാഗ് ആയിരുന്നു)
പ്രാഥമിക വിദ്യാഭ്യസം പൂര്‍ത്തിയാക്കിയത്തിനു ശേഷം ശങ്കര്‍ മുംബൈയിലേക്ക് പുറപ്പെട്ടു,അവിടെ വച്ച് മഹാരാഷ്ട്രയിലെ നാടക സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു,നാടകത്തോടുള്ള സ്നേഹം പിന്നീട് അവിടെ വച്ചു കണ്ടുമുട്ടിയ സഹപ്രവര്‍ത്തകയായ അരുന്ധതി യെ ജീവിത സഖി ആക്കുന്നതു വരെ തുടര്‍ന്നു.
പിന്നീട് ശങ്കര്‍ നാഗ് തന്റെ തട്ടകം കര്‍ണാടക ചലച്ചിത്ര മേഖലയിലേക്ക് മാറ്റി,സഹോദരനായ അനന്ത നാഗ് അപ്പോഴേക്കും അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞിരുന്നു.
പ്രശസ്ത സംവിധായകന്‍ ഗിരീഷ് കര്‍ണാടിന്റെ “ഒന്തനോന്തു കാലതല്ലി “ യില്‍ നായകനായി ,അകിരോ കുരെസോവയുടെ സെവെന്‍ സമുറായിയെ അധികരിച്ചുള്ളതായിരുന്നു ആ സിനിമ.ഇവിടെ തുടങ്ങുന്നു ശങ്കര്‍ നാഗിന്റെ സിനിമാ ജീവിതം.
ആദ്യ സിനിമയില്‍ തന്നെ ഡല്‍ഹി ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് അദ്ധേഹത്തെ തേടിയെത്തി.
(ആദ്യ സിനിമകളില്‍ തന്നെ ദേശീയ അവാര്‍ഡ് നേടിയ മോനിഷയുടെ ജീവിതവുമായി ചേര്‍ത്തുവായിക്കാം,തുടക്കവും ഒടുക്കവും)
നീണ്ട 12 വര്ഷം 78-90 ..നായകനായി 80 കന്നഡ സിനിമകള്‍,നിരവധി സിനിമകള്‍ സംവിധാനം ചെയ്തു സഹോദരനുമായി ചേര്‍ന്ന് സിനിമകള്‍ നിര്‍മിച്ചു.
സമാന്തര സിനിമയിലൂടെ തുടങ്ങിയ ശങ്കര്‍ നാഗില്‍ വാണിജ്യ സിനിമാ നിര്‍മാതാക്കളുടെ കണ്ണുടക്കി,”സീതാരാമു” എന്ന ആദ്യത്തെ വാണിജ്യ സിനിമയില്‍ പ്രത്യക്ഷപ്പെട്ടു.
തെളിഞ്ഞ മുഖവും ഈര്‍ക്കിലി മീശയും ഷേവ് ചെയ്ത താടിയും നല്ല ശബ്ദവും ഒക്കെ യായിരുന്നു അന്ന് കാലത്തേ പ്രധാന നടന്മാരുടെ ,നായകന്മാരുടെ സ്റ്റൈല്‍ അവിടെക്കാണ് പകുതി വളര്‍ന്ന താടി രോമങ്ങളും ചുവന്ന കണ്ണുകളും അത്ര മധുരതരമാല്ലാത്ത ശബ്ദവുമായി ഈ ചെറുപ്പക്കാരന്‍ കടന്നു വരുന്നത് ,പിന്നീട് തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് കന്നഡ സിനിമാ ലോകം കണ്ടത്.
കരാട്ടെ പഠിക്കാത്ത ശങ്കര്‍ നാഗ് “കരാട്ടെ കിംഗ് “എന്ന മുഴുനീള ഇടിപ്പടത്തില്‍ നായകനാകുന്നു എല്ലാവരും ആ പ്രകടനത്തെ അത്ഭുതത്തോടെ നോക്കിക്കണ്ടു.
പിന്നീട് ഇറങ്ങിയ മിഞ്ചിന ഓട്ട, ഗീത, എസ് പി സാംഗ്ലിയാന തുടങ്ങിയ പക്കാ കൊമേഴ്സ്യൽ ചിത്രങ്ങൾ ശങ്കർ നാഗിന്റെ താരസിംഹാസനം ഉറപ്പിച്ചു,ഓട്ടോറിക്ഷാ തൊഴിലാളിയായി വെള്ളിത്തിരയിൽ നിറഞ്ഞാടിയ “ഓട്ടോരാജ ” കർണാടക എമ്പാടുമുള്ള സാധാരണക്കാരായ ഓട്ടോ – ടാക്സി തൊഴിലാളികളിലുണ്ടാക്കിയ പ്രതിഫലനമാണ് ഇന്ന് നിങ്ങൾ ബെംഗളൂരുവിലെ ഓരോ ഓട്ടോറിക്ഷ സ്റ്റാന്റിലും നിങ്ങള്‍ കാണുന്നത് ( ഈ വർഷം അതേ പേരിൽ ഗണേഷിനെ നായകനാക്കി റിമേക്ക് ചെയ്തു, പക്ഷേ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ല)
ശങ്കർ നാഗ് അഭിനേതാവ് എന്ന നിലയിൽ വൻ വിജയമായിരുന്നെങ്കിലും അദ്ദേഹം കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് സിനിമാ സംവിധാനമായിരുന്നു, അദ്ദേഹം സംവിധാനം ചെയ്ത് അഭിനയിച്ച 1981 ൽ ഇറങ്ങിയ “മിൻചിന ഓട്ട” (വേഗത്തിലുള്ള ഓട്ടം) ഏഴു സംസ്ഥാന അവാർഡുകൾ ആണ് നേടിയത്.
ജന്മ ജൻമദ അനുബന്ധ, നോഡു സ്വാമി നാവിരുവദു ഹീഗേ,ഗീത, ലാൽച തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. അക്കാലത്തെ മെഗാസ്റ്റാർ ആയിരുന്ന, അണ്ണാവരു എന്ന് കന്നഡി കർ സ്നേഹത്തോടെ വിളിക്കുന്ന രാജ്കുമാറിനെ പ്രധാന കഥാപാത്രമാക്കി അദ്ദേഹം സംവിധാനം ചെയ്തതാണ് ” ഒന്തു മുത്തിന കഥെ “. ദുശ്മൻ എന്ന ഹിന്ദി ചിത്രത്തെ റിമേക് ചെയ്ത് “ഹൊസ തീർപ്പു ” എന്ന പേരിൽ പുറത്തിറക്കി.
എന്നാൽ ശങ്കർ നാഗ് സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും പ്രശസ്തമായത് ” ആക്സിഡെന്റ് ” ആണ്.(ആ മഹാകലാകാരനെ ഭൂമിയിൽ നിന്ന് കൊണ്ടുപോയത് മറ്റൊരു ആക്സിഡെന്റ് ആയിരുന്നു എന്നത് ഒരു വിധിയുടെ വിളയാട്ടം) നിരവധി അവാർഡുകളും വാണിജ്യ വിജയവും നേടി ഈ സിനിമ.
വെള്ളിത്തിരയിൽ തിളക്കത്തിൽ മാത്രം അഭിരമിച്ചു നിൽക്കുന്ന ആൾ ആയിരുന്നില്ല ശങ്കർ. അദ്ദേഹം സിനിമയും സീരിയലും നാടകങ്ങളും സംവിധാനം ചെയ്തു.ടി വി എന്നാൽ ദൂരദർശൻ മാത്രമുണ്ടായിരുന്ന 1980 കാലഘട്ടം, സ്വകാര്യ സീരിയൽ നിർമ്മാതാക്കളെ സീരിയൽ നിർമ്മിക്കാൻ ദൂരദർശൻ അനുവദിച്ചു, അവിടെ വിരിഞ്ഞതാണ് “മാൽഗുഡി ഡേയ്സ്” എന്ന സുന്ദര കാവ്യം.ആർ കെ നാരായണൻ (കർടുണിസ്റ്റ് ആർ കെ ലക്ഷ്മണന്റെ സഹോദരൻ) ചെറുകഥകളുടെ സമാഹാരത്തെ ശങ്കർ മിനി സ്ക്രീനിലേക്ക് പകർത്തി.
സഹോദരനായ അനന്ത് നാഗിനേയും, സുഹൃത്തായ വിഷ്ണുവർദ്ധനനേയും (കന്നഡ സൂപ്പർ താരം അടിമച്ചങ്ങല, കൗരവർ തുടങ്ങിയ മലയാള ചിത്രങ്ങളിലഭിനയിച്ചു, ദേവാസുരത്തിൽ മോഹൻ ലാലിന്റെ അമ്മയായി അഭിനയിച്ച ഭാരതിയാണ് സഹധർമ്മിണി ) അഭിനയിപ്പിച്ചു, പരമ്പരകൾക്ക് പുതുമുഖം നൽകിയ മാൽഗുഡി ഡേയ്സ് സൂപ്പർ ഡ്യൂപ്പർ ഹിറ്റ്.
തന്റെ സഹോദരൻ സ്ഥാപിച്ച “സാങ്കേത് ” എന്ന അമേച്ചർ നാടക ട്രൂപ്പിനൊപ്പം ചേർന്ന് കുറെ നാടകങ്ങൾ സംവിധാനം ചെയ്തു.രങ്കശങ്കര എന്ന തീയേറ്റർ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു.
ഒരു അഭിനേതാവ് ,സംവിധായകൻ എന്നതിനപ്പുറം താഴെ തലത്തിലുള്ള പച്ച മനുഷ്യരുടെ വിചാര വികാരങ്ങളോട് അടുപ്പം പുലർത്തിയിരുന്നു ശങ്കർ, ഓട്ടോരാജ, കർമിക കള്ളനല്ല, ലോറി ഡ്രൈവർ, ഇന്ദിന ഭാരത തുടങ്ങിയ സിനിമകളിൽ ശങ്കറിന്റെ അരാധകർ കണ്ടതും അതാണ്.
ശങ്കറിന് ബെംഗളൂരുവിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു, മെട്രോ റയിലിനെ കുറിച്ച് പഠിക്കാൻ സ്വന്തം കാശു മുടക്കി അദ്ദേഹം ടൊറന്റോ, ടോക്കിയോ തുടങ്ങിയ നഗരങ്ങൾ സന്ദർശിച്ചു.
18 ദിവസങ്ങൾ കൊണ്ടുണ്ടാക്കാവുന്ന വീടിനെക്കുറിച്ച് പഠിച്ചതിന് ശേഷം അന്നത്തെ മുഖ്യമന്ത്രിയായ രാമകൃഷ്ണ ഹെഗ് ഡേക്ക് സാധാരണക്കാരെ സഹായിക്കാനുള്ള പദ്ധതി രേഖ സമർപ്പിച്ചു.
ക്ലബ് കൾചർ ഇഷ്ടപ്പെട്ടിരുന്ന ശങ്കർ നാഗ് സ്ഥപിച്ച കൺട്രി ക്ലബിന്റെ ഒന്നാം വാർഷികം കാണാൻ അദ്ദേഹത്തിനായില്ല.
കാറോടിക്കുക എന്നത് ഒരു ലഹരിയായിരുന്നു ശങ്കർ നാഗിന് .
1990 സെപ്റ്റംബർ 29 ന് ഒരു പാർട്ടി കഴിഞ്ഞ് അടുത്ത ദിവസം രാവിലെ ഷൂട്ടിംഗ് നടക്കുന്ന ദാവനഗരയിലേക്ക് പോകാം എന്ന് തീരുമാനിച്ച, ശങ്കർ നാഗ് തീരുമാനം പൊടുന്നനെ മാറ്റി.
ഭാര്യയേയും മകളെയും കൂട്ടി കാറിൽ കയറി. ഒരു തീരുമാനമെടുത്താൽ അതിൽ നിന്നും പിൻതിരിയാത്ത അനുജനോട് അനന്തനാഗ് ഒരു പ്രാവശ്യം കൂടി ചോദിച്ചു നാളെ രാവിലെ പോയാൽ പോരെ ?…
അടുത്ത ദിവസം രാവിലെ മാധ്യമങ്ങൾ വഴി അറിഞ്ഞവരെല്ലാം വാർത്ത സത്യമാവരുതേ എന്നു പ്രാർത്ഥിച്ചു, ഓട്ടോ – ടാക്സി സ്റ്റാന്റുകൾ നിശ്ചലമായി.
ആ മഹാപ്രതിഭ സ്വപ്നങ്ങൾ ബാക്കി വച്ച് പറന്നകന്നിരിക്കുന്നു. 30 വർഷങ്ങൾ കഴിഞ്ഞു ഇന്നും കന്നഡികരുടെ ഹൃദയത്തിൽ അവരുടെ ജീവതാളത്തിന്റെ ഒരു ഭാഗമാണ് ആ മഹാപ്രതിഭ.
അനുബന്ധം: ശങ്കർ നാഗിന്റെ മരണത്തിന് പിന്നിൽ കന്നഡ സിനിമാ ലോകത്തെ ഒരു പ്രധാന കുടുംബമാണ് എന്ന രീതിയിൽ ,സ്വയം വാർത്തകൾ സൃഷ്ടിക്കാനാഗ്രഹിക്കുന്ന മാധ്യമങ്ങൾ പ്രചരിപ്പിക്കാറുണ്ട്.ഉപോൽഫലകമായ തെളിവുകൾ ലഭിക്കാത്തിടത്തോളം വാർത്താ നുണയാകാനേ തരമുള്ളൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.