ബെംഗളൂരു: ബെംഗളൂരുവിലെ ‘നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ്’ (NICE) ടോൾ പിരിക്കുന്നത് തടയാൻ കഴിയില്ലെന്ന് കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി വ്യക്തമാക്കി. വിഷയം നിയമക്കുരുക്കിലായതിനാൽ സർക്കാർ പൂർണ്ണമായും അസഹായരാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (BMIC) പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണെന്ന് കഴിഞ്ഞ മാസം അവസാനം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കൂടാതെ, പദ്ധതിയുടെ ഉപജ്ഞാതാക്കൾക്ക് അനധികൃതമായി കോടിക്കണക്കിന് രൂപ ടോൾ പിരിക്കാൻ വഴിമരുന്നിട്ടതിന് സർക്കാറിനെ ഹൈക്കോടതി ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, നൈസ് റോഡ് ഉപയോഗിക്കുന്നവരോട് ടോൾ നൽകുന്നത് നിർത്തിവെക്കാൻ ജെ.ഡി.എസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം.
ടോൾ നിരക്കുകളിൽ ക്രമീകരണം വരുത്താൻ സർക്കാറിന് സാധിക്കുമോ എന്ന ചോദ്യത്തിന് “ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല” എന്നായിരുന്നു മന്ത്രിയുടെ മറുപടി. “നൈസ് കമ്പനിയുമായി സർക്കാറിന് 30 വർഷത്തെ കരാറാണുള്ളത്. അതിൽ 20 വർഷം പിന്നിട്ടു കഴിഞ്ഞു. ഇനിയും 10 വർഷത്തേക്ക് ടോൾ പിരിക്കാനുള്ള നിയമപരമായ അവകാശം അവർക്കുണ്ട്. സർക്കാറിന് ഇതിൽ മുന്നോട്ടോ പിന്നോട്ടോ പോകാൻ സാധിക്കില്ല. അതിനാൽ ബാധിക്കപ്പെട്ട കക്ഷികൾ തന്നെ നിയമപോരാട്ടം നടത്തേണ്ടിവരും,” മന്ത്രി പറഞ്ഞു.
ടോൾ നിരക്ക് വർധിപ്പിക്കുന്നതിൽ നിന്ന് കമ്പനിയെ തടയാൻ പോലും സർക്കാറിന് കഴിഞ്ഞിരുന്നില്ലെന്ന് സതീഷ് ജാർക്കിഹോളി ചൂണ്ടിക്കാട്ടി. മുൻപ് ഉയർന്ന ടോൾ നിരക്കിനെതിരേ സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ കമ്പനി കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. സർക്കാർ നൽകിയ നോട്ടീസിനെ അവർ നിയമപരമായി ചോദ്യം ചെയ്യുകയും ശക്തമായ വാദങ്ങൾ ഉന്നയിച്ചിട്ടും സർക്കാറിനെതിരായി നിരവധി കോടതി വിധികൾ ഉണ്ടാവുകയും ചെയ്തുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
