ബെംഗളൂരു: ടാനറി റോഡിലൂടെ നാഗവാര മെയിൻ റോഡിലേക്ക് യാത്ര ചെയ്യുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാൾ പ്രധാനം ജീവൻ തിരിച്ചുകിട്ടുന്നതാണെന്ന് യാത്രക്കാരും നാട്ടുകാരും. റോഡിന്റെ ശോചനീയാവസ്ഥ വൻ ദുരിതമായി മാറിയതോടെ വാഹനം പൂർണമായും നല്ല അവസ്ഥയിലാണെങ്കിൽ മാത്രമേ ഈ വഴി യാത്ര ചെയ്യാൻ സാധിക്കൂ എന്ന സ്ഥിതിയാണ്.
വൻ കുഴികളും നിരപ്പില്ലാത്ത ഉപരിതലവും തകർന്ന റോഡും കാരണം സാധാരണ യാത്രകൾ വലിയ ദുരന്തമായി മാറുകയാണ്. മെട്രോ ജോലി, കുടിവെള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കൽ, അണ്ടർഗ്രൗണ്ട് കേബിളിങ് എന്നിവയ്ക്കായി റോഡ് പലതവണ വെട്ടിപ്പൊളിച്ചെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി അറ്റകുറ്റപ്പണികളോ ടാറിങ്ങോ നടന്നിട്ടില്ല. ഈ റോഡിലൂടെ ഒരിക്കൽ യാത്ര ചെയ്താൽ വാഹനത്തിന്റെ ഏത് ഭാഗമാണ് ഊരിപ്പോവുകയെന്ന് പറയാനാകില്ലെന്ന് യാത്രക്കാർ ആശങ്കയോടെ പറയുന്നു.
റോഡിന്റെ തകർച്ച പൊതുഗതാഗതത്തെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13-ന് യാത്രക്കാരുമായി പോയ ബി.എം.ടി.സി ബസ് റോഡിലെ വലിയ കുഴിയിൽ അകപ്പെടുകയും തുടർന്ന് ക്രെയിൻ എത്തിച്ചാണ് ബസ് പുറത്തെടുത്തത്. ആംബുലൻസുകൾ, സ്കൂൾ ബസുകൾ, മറ്റ് ഭാരമേറിയ വാഹനങ്ങൾ എന്നിവയ്ക്കും ഈ വഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് പ്രാദേശികവാസിയായ മുഹമ്മദ് നവാസ് പറഞ്ഞു. ദുരിതം തുടരുമ്പോഴും ജനപ്രതിനിധികളുടെ അസാന്നിധ്യത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
മേഖലയിലെ പ്രാദേശിക എം.എൽ.എയോ മറ്റ് ജനപ്രതിനിധികളോ റോഡിന്റെ അവസ്ഥ നേരിട്ട് കാണാനോ പരിശോധിക്കാനോ എത്തുന്നില്ലെന്ന് ഓട്ടോ ഡ്രൈവർമാരും ആരോപിക്കുന്നു. പരിസരത്തെ വീടുകളിൽ മുഴുവൻ പൊടിയും ചെളിയുമാണ്. ദുരിതത്തിന് ഉത്തരവാദിത്തമേറ്റെടുക്കാൻ തയ്യാറാകാതെ വിവിധ വകുപ്പുകൾ പരസ്പരം പഴിചാരുകയാണെന്നും ഇവർ പറഞ്ഞു.
എം.എൽ.എയുടെ പ്രതികരണം
അതേസമയം, പ്രദേശം വരണ്ടുണങ്ങാൻ സമയം വേണമെന്നതിനാലാണ് ടാറിങ് വൈകുന്നതെന്ന് പുലകേശിനഗർ എം.എൽ.എ എ.സി ശ്രീനിവാസ പറഞ്ഞു. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡിന്റെ (BWSSB) ഗ്രൗണ്ട് ലെവൽ റിസർവോയറിനായുള്ള പൈപ്പ് ലൈൻ പ്രവൃത്തികളാണ് നിലവിൽ ഇവിടെ നടക്കുന്നത്. മേഖലയിൽ ജലസംഭരണികളില്ലാത്തതും കടുത്ത കുടിവെള്ളക്ഷാമം ഉള്ളതിനാലുമാണ് പദ്ധതി വേഗത്തിൽ നടപ്പാക്കുന്നത്. റോഡിൽ ‘വൈറ്റ് ടോപ്പിങ്’ നടത്തുന്നതിനായി 100 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും 10-15 ദിവസത്തിനകം പണികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് വീതികൂട്ടാനുള്ള നിർദ്ദേശം സർക്കാരിന് നൽകിയിട്ടുണ്ടെന്നും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]