30,000 പേർക്ക് ഒരു പൊതുശൗചാലയം: ബെംഗളൂരുവിൽ ശുചിത്വ നിഷേധമെന്ന് പഠന റിപ്പോർട്ട്
ബെംഗളൂരു: ഒന്നരക്കോടിയോളം ജനങ്ങൾ അധിവസിക്കുന്ന ബെംഗളൂരുവിൽ ജനസംഖ്യാനുപാതികമായി പൊതുശൗചാലയങ്ങൾ ഇല്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. നഗരത്തിൽ 25,000 മുതൽ 30,000 വരെ ആളുകൾക്ക് ഒരു പൊതുശൗചാലയം മാത്രമാണ് നിലവിലുള്ളതെന്ന് ബാംഗ്ലൂർ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (B.PAC) നടത്തിയ സാമൂഹിക ഓഡിറ്റിംഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജി.ബി.എയ്ക്ക് (Greater Bengaluru Authority) കീഴിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത 479 എണ്ണമടക്കം 800 മുതൽ 900 വരെ ശൗചാലയങ്ങൾ മാത്രമാണ് ആകെ നഗരത്തിലുള്ളത്.
ബെംഗളൂരുവിലെ വടക്ക്, തെക്ക്, പടിഞ്ഞാറ്, സെൻട്രൽ മേഖലകളിലായി 142 ശൗചാലയങ്ങളിൽ നടത്തിയ ഓഡിറ്റിംഗിൽ 37 എണ്ണം (26 ശതമാനം) പൂർണ്ണമായും ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി. വെറും 4.2 ശതമാനം ശൗചാലയങ്ങൾ മാത്രമാണ് ഉയർന്ന ശുചിത്വം പുലർത്തുന്നത്. 58 ശതമാനം ശൗചാലയങ്ങളിലും ദുർഗന്ധം വമിക്കുന്ന സാഹചര്യമാണുള്ളത്. 56 ശതമാനം ഇടങ്ങളിൽ മാത്രമാണ് ആവശ്യത്തിന് വെളിച്ചമുള്ളത്. ഇത് സ്ത്രീകളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഭിന്നശേഷിക്കാർക്ക് പ്രാപ്യമായ രീതിയിൽ റാംപുകളുള്ളത് വെറും ഒമ്പത് ശതമാനം ശൗചാലയങ്ങളിൽ മാത്രമാണ്. അതായത് 94 ശതമാനം കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമല്ല. പ്രവർത്തിക്കുന്ന ശൗചാലയങ്ങളിൽ 40 ശതമാനത്തിൽ മാത്രമാണ് ജലലഭ്യതയുള്ളത്. എവിടെയും ഡസ്റ്റ് ബിന്നുകളോ സോപ്പുകളോ ലഭ്യമല്ല. ശൗചാലയ ജീവനക്കാരിൽ 15 ശതമാനം മാത്രമാണ് സ്ത്രീകൾ. കെയർടേക്കർ വിവരങ്ങളോ ഈടാക്കുന്ന നിരക്കുകളോ രേഖപ്പെടുത്തിയ ബോർഡുകളും മിക്കയിടത്തുമില്ല.
പുതിയ ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനേക്കാൾ നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടപ്പിലാക്കുകയാണ് അടിയന്തരമായി വേണ്ടതെന്ന് B.PAC വ്യക്തമാക്കുന്നു. തകരാറിലായ ശൗചാലയങ്ങൾ പുനരുദ്ധരിക്കാൻ 30 ദിവസത്തെ അടിയന്തര ക്യാമ്പയിൻ നടപ്പിലാക്കണം. ‘ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി’യുടെ കീഴിൽ ഏകീകൃത പൊതുശൗചാലയ മാനേജ്മെന്റ് സെൽ രൂപീകരിക്കണമെന്നും കരാറുകൾ നിർമ്മാണത്തിന് മാത്രം നൽകുന്നതിന് പകരം അഞ്ചു വർഷത്തെ പരിപാലനം കൂടി ഉൾപ്പെടുത്തി നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) ആയിരത്തിലധികം അത്യാധുനിക ശൗചാലയങ്ങൾ നിർമ്മിക്കണമെന്ന് ബി.ക്ലിപ്പ് മേധാവി രാഘവേന്ദ്ര പൂജാരി എച്ച്.എസ് സർക്കാരിനോട് അഭ്യർത്ഥിച്ചു. ബസ് സ്റ്റാൻഡുകൾ, മെട്രോ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുതിയ ശൗചാലയങ്ങൾക്ക് മുൻഗണന നൽകണം. ബെംഗളൂരു പോലുള്ള ഒരു ആഗോള നഗരത്തിന് അടിസ്ഥാന ശുചിത്വ സൗകര്യങ്ങളുടെ അഭാവം കടുത്ത തിരിച്ചടിയാണെന്ന് B.PAC സി.ഇ.ഒ രേവതി അശോക് അഭിപ്രായപ്പെട്ടു.
