ബെംഗളൂരു: ലോകത്തിലെ ഏറ്റവും കടുത്ത ഗതാഗതക്കുരുക്കുള്ള രണ്ടാമത്തെ നഗരമായ ബെംഗളൂരുവിൽ സ്വകാര്യ കാറുകളുടെ എണ്ണം ചരിത്രത്തിലാദ്യമായി 25 ലക്ഷം കടന്നു. നഗരത്തിൽ പൊതുഗതാഗത സംവിധാനങ്ങൾ നേരിടുന്ന പോരായ്മകളും മെട്രോ ശൃംഖല വികസിപ്പിക്കുന്നതിലുണ്ടാകുന്ന ദീർഘകാല കാലതാമസവുമാണ് നഗരവാസികളെ കൂടുതൽ സ്വകാര്യ വാഹനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ മാത്രം 13,519 പുതിയ കാറുകൾ രജിസ്റ്റർ ചെയ്തതോടെ ബെംഗളൂരു നഗരത്തിലെ സ്വകാര്യ കാറുകളുടെ എണ്ണം 25.2 ലക്ഷമായി ഉയർന്നു. ഇതിനുപുറമെ മൂന്ന് ലക്ഷത്തോളം യെല്ലോ ബോർഡ് ടാക്സികളും നഗരവീഥികളിൽ ഓടുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം അഞ്ച് ലക്ഷത്തോളം പുതിയ സ്വകാര്യ കാറുകളാണ് നഗരത്തിൽ കൂടിയത്. അതായത് പ്രതിവർഷം ശരാശരി ഒരു ലക്ഷം പുതിയ കാറുകൾ നഗരത്തിൽ നിരത്തിലിറങ്ങുന്നു.
കഴിഞ്ഞ ജൂണിൽ മാത്രം 78,084 പുതിയ വാഹനങ്ങളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്തത്. ജി.എസ്.ടി ഏകീകരണത്തെ തുടർന്ന് റെക്കോർഡ് രജിസ്ട്രേഷൻ നടന്ന 2025 ഒക്ടോബറിനും (86,014), 2026 ജനുവരിയ്ക്കും (78,461) ശേഷം ഒരു മാസത്തിനിടെ നടക്കുന്ന ഏറ്റവും ഉയർന്ന വാഹന രജിസ്ട്രേഷനാണിത്.
ടോംടോം ട്രാഫിക് ഇൻഡക്സ് (TomTom Traffic Index) പ്രകാരം മെക്സിക്കോ സിറ്റിക്ക് തൊട്ടുപിന്നിലായി ലോകത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള രണ്ടാമത്തെ നഗരമാണ് ബെംഗളൂരു. അയർലൻഡിലെ ഡബ്ലിൻ നഗരമാണ് ബെംഗളൂരുവിന് പിന്നിലുള്ളത്. നഗരത്തിൽ വെറും 10 കിലോമീറ്റർ സഞ്ചരിക്കാൻ ശരാശരി 36 മിനിറ്റും 9 സെക്കൻഡും സമയമെടുക്കുന്നു. 2025-ൽ മാത്രം തിരക്കേറിയ സമയങ്ങളിൽ വാഹനം ഓടിച്ച ഡ്രൈവർമാർക്ക് ശരാശരി 168 മണിക്കൂറുകളാണ് ഗതാഗതക്കുരുക്കിൽ നഷ്ടപ്പെട്ടത്.
ബെംഗളൂരുവിലെ ആകെ വാഹനങ്ങളുടെ എണ്ണം നിലവിൽ 1.28 കോടിയായി ഉയർന്നിട്ടുണ്ട്. ഗതാഗതക്കുരുക്കിൽ പെടാതെ വേഗത്തിൽ യാത്ര ചെയ്യാൻ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന 87 ലക്ഷം ഇരുചക്രവാഹനങ്ങളാണ് നഗരത്തിലുള്ളത്. അതായത് നഗരത്തിലെ ആകെ വാഹനങ്ങളുടെ 70 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. സ്വകാര്യ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും എണ്ണത്തിൽ നിലവിൽ രാജ്യത്ത് ഒന്നാമതാണ് ബെംഗളൂരു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ 1.5 കോടിയോളം വാഹനങ്ങൾ ഉണ്ടെങ്കിലും 22 ലക്ഷം കാറുകളും 60 ലക്ഷം ഇരുചക്രവാഹനങ്ങളും മാത്രമാണുള്ളത്. വിപുലമായ മെട്രോ ശൃംഖല അവിടെ ആളുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. മുംബൈയിലാകട്ടെ 15 ലക്ഷത്തോളം സ്വകാര്യ കാറുകൾ മാത്രമാണുള്ളത്. അവിടെ ഭൂരിഭാഗം യാത്രികരും സബർബൻ റെയിൽ ശൃംഖലയെയാണ് ആശ്രയിക്കുന്നത്.
എന്നാൽ ബെംഗളൂരുവിൽ ഫേസ് 3, ഫേസ് 3എ ലൈനുകളിൽ ടണലുകളും ഡബിൾ ഡെക്കറുകളും നിർമ്മിക്കാനായി അലൈൻമെന്റിലും ഡിസൈനിലും അടിക്കടി വരുത്തുന്ന മാറ്റങ്ങൾ കാരണം മെട്രോ പദ്ധതികൾ വലിയതോതിൽ വൈകുകയാണ്. കഴിഞ്ഞ നാലര വർഷമായി നഗരത്തിൽ പുതിയ മെട്രോ നിർമ്മാണ പ്രവൃത്തികളൊന്നും ആരംഭിച്ചിട്ടില്ല.
കഴിഞ്ഞ നാല് വർഷത്തിനിടെ ബി.എം.ടി.സി (BMTC) ബസുകളുടെ എണ്ണം കുറഞ്ഞതാണ് ആളുകളെ സ്വകാര്യ വാഹനങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതെന്ന് നഗര ഗതാഗത വിദഗ്ധനായ സത്യ അരിക്കുത്താരം ചൂണ്ടിക്കാണിക്കുന്നു. പൊതുഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നടപ്പാതകൾ സഞ്ചാരയോഗ്യമാക്കുന്നതിനു പകരം ടണൽ റോഡുകൾക്കും എലവേറ്റഡ് പാതകൾക്കുമായി സർക്കാർ ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന 1.5 ലക്ഷം കോടി രൂപയുടെ പദ്ധതികൾ നഗരത്തിലെ ഗതാഗതക്കുരുക്ക് കൂടുതൽ വഷളാക്കുകയേയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈറ്റ്ഫീൽഡ്, സർജാപ്പൂർ തുടങ്ങിയ ഐ.ടി മേഖലകൾ കൃത്യമായ അനുബന്ധ റോഡ് ശൃംഖലകളില്ലാതെ വികസിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ബ്രാൻഡ് ബെംഗളൂരു കമ്മിറ്റി അംഗം വി. രവിചന്ദർ പറഞ്ഞു. പ്രധാന ട്രങ്ക് റോഡുകളെ മാത്രം ആശ്രയിക്കുന്ന ഇത്തരം മേഖലകളിൽ ടണൽ റോഡുകൾ പരിഹാരമാകില്ല. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഓൺ-സ്ട്രീറ്റ് പാർക്കിംഗ് ചാർജുകൾ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി ടണൽ റോഡുകൾ ഉൾപ്പെടെ 1.5 ലക്ഷം കോടി രൂപയുടെ ബൃഹത്തായ വികസന പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
