ബംഗളൂരു: കരിയറിന്റെയും ജീവിതത്തിന്റെയും തിരക്കുകൾക്കിടയിൽ വ്യക്തികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളും ‘ബർൺഔട്ട്’ (Burnout) അവസ്ഥകളും ചർച്ചയാക്കിക്കൊണ്ട് ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്ഥാപകന്റെ സോഷ്യൽ മീഡിയ കുറിപ്പ്. ‘ടിക്കറ്റ്പിംഗ്’ (Ticketping) എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായ രവി ഓജയാണ്, ജീവിതത്തിൽ ഒന്നിനോടും ആവേശം തോന്നാത്ത ഒരു നിസ്സംഗതയിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന തുറന്നുപറച്ചിലുമായി രംഗത്തെത്തിയത്. മുതിർന്നവരിലെ മാനസികാരോഗ്യം, മുൻഗണനകളിലെ മാറ്റം എന്നിവയെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഈ കുറിപ്പ് വഴിവെച്ചിരിക്കുന്നത്.
തന്റെ മുപ്പതുകളുടെ മധ്യത്തിലെത്തി നിൽക്കുന്ന ഈ ഘട്ടത്തിൽ, മുൻപ് തനിക്ക് ഏറെ സന്തോഷം നൽകിയിരുന്ന കാര്യങ്ങളൊന്നും ഇപ്പോൾ ആവേശം തരുന്നില്ലെന്ന് രവി എക്സിൽ (ട്വിറ്റർ) കുറിച്ചു. “ഞാൻ ഇപ്പോൾ ജീവിതത്തിലെ വളരെ വിചിത്രമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വ്യക്തിജീവിതം, പ്രണയം, ജോലി, പി.എസ്.5 ഗെയിമിംഗ്, ക്രിക്കറ്റ്, സിനിമകൾ, പുസ്തകങ്ങൾ, പുതിയ ഗാഡ്ജറ്റുകൾ, സ്വപ്നങ്ങൾ, ജന്മദിനങ്ങൾ തുടങ്ങി ഒന്നിനോടും എനിക്ക് ഇപ്പോൾ ഒട്ടും താല്പര്യം തോന്നുന്നില്ല. ഇതൊരു വലിയ പ്രതിസന്ധിയാണെന്ന് ഞാൻ കരുതുന്നില്ല. എങ്കിലും 18 മാസം പ്രായമുള്ള എന്റെ കുഞ്ഞിനോടൊപ്പം കളിക്കുമ്പോഴും, ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് വളരുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയമായ ചില വിഡിയോകൾ കാണുമ്പോഴും മാത്രമാണ് എനിക്ക് ഇപ്പോൾ എന്തെങ്കിലും സന്തോഷം ലഭിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.
അമിത ജോലിഭാരം മൂലമുള്ള തളർച്ചയാണെന്ന് (Burnout) കരുതി രണ്ടാഴ്ചത്തെ ലീവ് എടുത്തെങ്കിലും, പ്രശ്നം അതിലും ആഴത്തിലുള്ളതാണെന്ന് തനിക്ക് മനസ്സിലായതായി രവി പറയുന്നു. മാനസികാവസ്ഥയിൽ മാറ്റമുണ്ടാകാൻ നിലവിൽ താൻ യാത്രയിലാണെന്നും, അടുത്ത ആഴ്ച ബംഗളൂരുവിൽ തിരിച്ചെത്തി പഴയ സുഹൃത്തുക്കളെ കാണുന്നത് ആശ്വാസമാകുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ നിരവധി പ്രൊഫഷണലുകളാണ് പിന്തുണയുമായി രംഗത്തെത്തിയത്. ഐടി മേഖലയിലും സ്റ്റാർട്ടപ്പ് രംഗത്തും ജോലി ചെയ്യുന്ന പലരും തങ്ങളും ഇതേ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന് കമന്റുകളിൽ പങ്കുവെച്ചു.
ശാരീരിക ആരോഗ്യ പ്രശ്നങ്ങളാകാം ഇതിന് പിന്നിലെന്ന് ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ, വൈറ്റമിൻ ബി12, വൈറ്റമിൻ ഡി എന്നിവയുടെ കുറവ് പരിശോധിക്കാൻ ചില ഉപയോക്താക്കൾ നിർദ്ദേശിച്ചു. ഒരു കുഞ്ഞ് ജനിക്കുന്നതോടെ ജീവിതത്തിലെ മുൻഗണനകൾ മാറുന്നത് സ്വാഭാവികമാണെന്നും, പഴയ കാര്യങ്ങളിലെ താല്പര്യം നഷ്ടപ്പെടുന്നത് അതിന്റെ ഭാഗമാകാമെന്നും ചിലർ കുറിച്ചു. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്നും മാറി പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നത് ഇത്തരം മാനസികാവസ്ഥ മറികടക്കാൻ സഹായിക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ആധുനിക കോർപ്പറേറ്റ് ലോകത്ത് കരിയറിന് പിന്നാലെ പായുന്ന യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളുടെ നേർച്ചിത്രമാണ് ഈ ചർച്ചയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
