ന്യൂഡൽഹി: ഗാർഹിക പാചകവാതക വിതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ‘ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ’ എന്ന നയം കർശനമാക്കുന്നു. പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതിവാതക (PNG) വിതരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പിഎൻജി കണക്ഷൻ ലഭ്യമായ പ്രദേശങ്ങളിൽ ഇനി മുതൽ എൽപിജി സിലിണ്ടറുകളുടെ ഉപയോഗം അനുവദിക്കില്ല. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം, പൈപ്പ് ഗ്യാസ് സൗകര്യമുണ്ടായിട്ടും അത് സ്വീകരിക്കാത്ത വീടുകളിലെ എൽപിജി കണക്ഷനുകൾ 2026 ജൂൺ 30-ഓടെ നിർത്തലാക്കും. പിഎൻജി ശൃംഖല ലഭ്യമായിട്ടും എൽപിജി ഉപയോഗിക്കുന്നത് തുടരുന്ന വീടുകളെ കണ്ടെത്താനുള്ള നടപടികൾ അധികൃതർ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
പുതിയ നിയമങ്ങൾ പ്രകാരം ഒരു വീട്ടിൽ ഒരേസമയം പിഎൻജി കണക്ഷനും എൽപിജി കണക്ഷനും കൈവശം വയ്ക്കാൻ അനുവാദമില്ല. പൈപ്പ് ഗ്യാസ് സൗകര്യമുള്ളവർ എൽപിജി സിലിണ്ടറുകൾ ഒഴിഞ്ഞുനൽകുകയോ പുതിയ റീഫില്ലുകൾക്കായി അപേക്ഷിക്കാതിരിക്കുകയോ വേണം. പിഎൻജി കണക്ഷനുള്ളവർക്ക് പുതിയ എൽപിജി കണക്ഷൻ നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിനുപുറമെ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിലും പിഎൻജി ഉപയോഗത്തിന് മുൻഗണന നൽകാൻ ഗ്യാസ് വിതരണ കമ്പനികളായ ഐജിഎൽ, എംജിഎൽ, ഗെയിൽ, ബിപിസിഎൽ എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സിലിണ്ടറുകളുടെ കരിഞ്ചന്ത തടയുന്നതിനും അർഹരായവർക്ക് പാചകവാതകം ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം.
പൈപ്പ് ഗ്യാസ് കണക്ഷനിലേക്ക് മാറുന്നതിനായി 90 ദിവസത്തെ സമയപരിധിയാണ് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. മാർച്ചിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ കാലാവധി ജൂൺ അവസാനത്തോടെ അവസാനിക്കും. നാഷണൽ പിഎൻജി ഡ്രൈവ് 2.0 എന്ന പദ്ധതിയുടെ ഭാഗമായി പിഎൻജി കണക്ഷനുകൾ വേഗത്തിൽ നൽകാൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (PNGRB) കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പിഎൻജി ശൃംഖല വിപുലീകരിക്കുന്നതിനും അനുമതികൾ വേഗത്തിലാക്കുന്നതിനും സംസ്ഥാന സർക്കാരുകളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ പിഎൻജി കണക്ഷനായി ഉപഭോക്താക്കൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഗ്യാസ് വിതരണ കമ്പനികളുടെ വെബ്‌സൈറ്റിൽ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവയ്‌ക്കൊപ്പം തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖയും സമർപ്പിക്കണം. തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉപയോഗിക്കാം. വിലാസം തെളിയിക്കാൻ വൈദ്യുതി ബിൽ, ബിഎസ്എൻഎൽ ബിൽ, റേഷൻ കാർഡ് എന്നിവയും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും ആവശ്യമാണ്. അപേക്ഷ അംഗീകരിച്ചാൽ ഉപഭോക്താവിന് ബിസിനസ് പാർട്ണർ (BP) നമ്പർ ലഭിക്കും. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി വീടിനുള്ളിൽ ഗ്യാസ് മീറ്ററും പൈപ്പ് ലൈനും സ്ഥാപിക്കുന്നതോടെ നടപടികൾ പൂർത്തിയാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]