ബെംഗളൂരു: കർണാടകയുടെ അഭിമാനമായ മൈസൂരു സിൽക്ക് സാരികൾ ഇനി ഓൺലൈനിൽ ലഭിച്ചേക്കില്ല. ഉത്പാദനത്തെക്കാൾ കൂടുതൽ ആവശ്യക്കാരുള്ള സാഹചര്യത്തിൽ, സാരികളുടെ ഓൺലൈൻ വിൽപ്പന താൽക്കാലികമായി നിർത്തുന്നതിനെക്കുറിച്ച് കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ (KSIC) ആലോചിക്കുന്നു. നേരിട്ട് സ്റ്റോറുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് മുൻഗണന നൽകാനാണ് ഈ നീക്കം.
കെഎസ്ഐസി സ്റ്റോറുകൾക്ക് മുന്നിൽ അതിരാവിലെ മുതൽ സാരി വാങ്ങാനായി ആളുകൾ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രതിദിനം 350 മുതൽ 400 വരെ സാരികൾ മാത്രമാണ് നിലവിൽ നിർമ്മിക്കുന്നത്. ഓൺലൈൻ വിൽപ്പന കൂടി സജീവമായതോടെ സ്റ്റോക്കുകൾ പെട്ടെന്ന് തീർന്നുപോകുന്നതാണ് പ്രതിസന്ധിക്ക് കാരണം. പ്രാദേശിക ഉപഭോക്താക്കളുടെ പരാതികൾ കണക്കിലെടുത്താണ് ഓൺലൈൻ ഓർഡറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സിൽക്ക് മന്ത്രി കെ. വെങ്കിടേഷ് നിയമസഭയെ അറിയിച്ചത്.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും മൈസൂരു സിൽക്ക് മികച്ച നേട്ടമാണ് കൈവരിച്ചത്. നിർമ്മിച്ച 3.1 ലക്ഷം സാരികളിൽ 3.09 ലക്ഷവും വിറ്റഴിച്ചു. നിലവിലെ തിരക്ക് പരിഗണിച്ച് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി 30 പുതിയ ഇലക്ട്രോണിക് ജാക്കാർഡ് തറികൾ കൂടി സജ്ജമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ സാധിച്ചാൽ മാത്രമേ ഓൺലൈൻ വിപണിയിലേക്ക് വീണ്ടും സജീവമായി മടങ്ങിയെത്താൻ കെഎസ്ഐസിക്ക് സാധിക്കൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]