ബെംഗളൂരു : കലബുറഗിയിലെ ചിറ്റാപുരയിൽ ഞായറാഴ്ച നടത്താൻ നിശ്ചയിച്ച ആർഎസ്എസ് റൂട്ട് മാർച്ചിന് റവന്യൂ വകുപ്പ് അനുമതി നിഷേധിച്ചു. പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് പരിപാടികൾ നിരോധിക്കണമെന്ന് ആവശ്യമുയർത്തിയ ഐടി, ബിടി മന്ത്രി പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമാണ് ചിറ്റാപുര.
ആർഎസ്എസ് നൂറാം വാർഷികത്തിന്റെ ഭാഗമായാണ് റൂട്ട് മാർച്ച് നിശ്ചയിച്ചത്. ഇതിനുള്ള അനുമതിക്ക് തഹസിൽദാർക്ക് അപേക്ഷയും നൽകിയിരുന്നു.
പക്ഷേ, അനുമതി നിഷേധിച്ചുകൊണ്ട് തഹസിൽദാർ നാഗയ്യ ഹിരേമത്ത് ആർഎസ്എസ് നേതാവ് പ്രഹ്ലാദ് വിശ്വകർമയ്ക്ക് ഞായറാഴ്ച കത്ത് നൽകുകയായിരുന്നു.
ഭീം ആർമി പാന്തേഴ്‌സ് എന്ന സംഘടന ഞായറാഴ്ച ചിറ്റാപുരയിൽ റോഡ് ഷോ നടത്താൻ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ആർഎസ്എസ് മാർച്ചിന് അനുമതി നിഷേധിച്ചത്. എന്നാൽ, ഭീം ആർമി പാന്തേഴ്‌സിന്റെ റോഡ് ഷോയ്ക്കും അനുമതി നിഷേധിച്ചു.
മാർച്ചിനായി ആർഎസ്എസ് ചിറ്റാപുരയിൽ ഒരുക്കങ്ങൾ നടത്തിയിരുന്നു. കൊടിമരവും ബാനറുകളും മറ്റും ഉയർത്തി. ഇവ പിന്നീട് കോർപ്പറേഷൻ അധികൃതർ നീക്കം ചെയ്തു. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. തഹസിൽദാർ അനുമതി നിഷേധിച്ചതോടെ റൂട്ട് മാർച്ചിനായി ആർഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി ഞായറാഴ്ച ഹർജി പരിഗണിക്കാനായി പ്രത്യേക സിറ്റിങ് നടത്തി. ആർഎസ്എസ് കലബുറഗി കൺവീനർ അശോക് പാട്ടീലാണ് കോടതിയെ സമീപിച്ചത്.
മറ്റേതെങ്കിലും സൗകര്യപ്രദമായ ദിവസം മാർച്ച് സംഘടിപ്പിക്കാൻ കഴിയുമോയെന്ന് ജസ്റ്റിസ് എം.എസ്. കമൽ ചോദിച്ചു. നവംബർ രണ്ടിനു നടത്താമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതിനായി പുതിയ അപേക്ഷ കലബുറഗി ജില്ലാ ഡെപ്യൂട്ടി കമ്മിഷണർക്ക് നൽകാൻ കോടതി നിർദേശിച്ചു.
സ്ഥലവും റൂട്ടും സമയവും ഉൾപ്പെടെ അപേക്ഷയിൽ വ്യക്തമാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇത് കണക്കിലെടുത്ത്, മാർച്ച് നടത്താൻ അനുയോജ്യമായ സ്ഥലം ഉൾപ്പെടെ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് 24-ന് സമർപ്പിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]