ബെംഗളൂരു: നാലുവയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ സ്റ്റാർട്ടപ്പ് സിഇഒ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്.
കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഗോവയിൽ ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാർട്ട്മെന്‍റിലെ കിടക്കയിലെ പുതപ്പിലുള്ളത് ഇവരുടെ രക്തക്കറയാണെന്നും കൈയിൽ മുറിവുകൾ ഉണ്ടെന്നും മകൻ മരിച്ച ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് സുചന മൊഴി നൽകിയെന്നും പൊലീസ് വിശദീകരിക്കുന്നു.
അപ്പാർട്ട്മെന്‍റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് സുചന സമ്മതിച്ചു.
ശ്വാസം മുട്ടിയാണ് മരണമെന്ന് കുട്ടിയുടെ ഓട്ടോപ്‍സി റിപ്പോർട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല.
കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സുചന. ഇവരുടെ വിവാഹമോചനക്കേസ് അതിന്‍റെ അന്തിമഘട്ടത്തിലാണ്.
അതേസമയം കുട്ടിയെ കൊല്ലാനുദ്ദേശിച്ചിരുന്നില്ലെന്ന് സുചനയുടെ മൊഴിയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമർത്തിയത്. കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോൾ പരിഭ്രാന്തയായി,
അപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സുചനയുടെ മൊഴി.
ഭർത്താവും കുടുംബവും കുഞ്ഞിനെ കാണാനെത്തുന്നത് ഒഴിവാക്കാനാണ് ഗോവയ്ക്ക് പോയതെന്നും സുചന മൊഴി നൽകിയിട്ടുണ്ട്.
കോടതിയിൽ അഭിഭാഷകസഹായം ഇല്ലാതെ ഒന്നും പറയില്ലെന്നായിരുന്നു സുചന പറഞ്ഞത്.
സുചനയുടെ ഭർത്താവ് വെങ്കട്ട് ഇന്ത്യയിലെത്തി, ചിത്രദുർഗയിലെ ആശുപത്രിയിലെത്തി കുഞ്ഞിന്‍റെ മൃതദേഹം കണ്ടു.
മാപുസ കോടതിയിൽ ഹാജരാക്കിയ സുചന സേഥിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.