ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയുടെ ഭാഗമായി ജോലിക്ക് പോകുന്നതിനിടെയുണ്ടായ ഇരുചക്ര വാഹന അപകടത്തിൽ പരിക്കേറ്റ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (വി.എ.ഒ) ഭുവന (29) ചികിത്സയിലിരിക്കെ അന്തരിച്ചു. തുംകൂരിലെ ഹുള്ളനഹള്ളിയിലെ വില്ലേജ് അക്കൗണ്ടന്റും ബേഗൂർ സ്വദേശിനിയുമായ ഭുവന, തുംകൂരിലെ സിദ്ധഗംഗ ആശുപത്രിയിൽ വെച്ചാണ് ശനിയാഴ്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങിയത്.
ഇന്ന് രാവിലെ തുംകൂർ താലൂക്കിലെ ഗുലൂരിനടുത്തായിരുന്നു അപകടം സംഭവിച്ചത്. നിയുക്ത സ്ഥലത്തേക്ക് ഡ്യൂട്ടിക്കായി പോവുകയായിരുന്ന ഭുവന സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി നേർക്കുനേർ ഇടിക്കുകയായിരുന്നു. തുംകൂർ ബസ് സ്റ്റാൻഡിന് സമീപം സ്വന്തം ബൈക്ക് വെച്ച ശേഷം ഗുലൂരിലെ നടക്കച്ചേരിയിലേക്ക് പോകുന്നതിനിടെ കുനിഗൽ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ സിദ്ധഗംഗ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം തുംകൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിന് കാരണമായ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർ മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഭുവനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തുംകൂർ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്താണ് നടപടിയെടുത്തത്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധം
ഭുവനയുടെ മരണവിവരമറിഞ്ഞതോടെ തുംകൂരിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. അമിതമായ ജോലി സമ്മർദ്ദമാണ് ദുരന്തത്തിന് കാരണമായതെന്നും തുംകൂർ ജില്ലാ മജിസ്ട്രേറ്റ് ശുഭ കല്യാണാണ് സംഭവത്തിന് ഉത്തരവാദിയെന്നും ജീവനക്കാർ ആരോപിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് ജീവനക്കാർ ഉച്ചയ്ക്ക് ശേഷം ഡെപ്യൂട്ടി കമ്മീഷണറുടെ (ഡി.സി) ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
രാവിലെ 6:30-ഓടെ ജോലിയിൽ പ്രവേശിക്കണമെന്ന് ഉദ്യോഗസ്ഥർ ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നതായി കർണാടക സ്റ്റേറ്റ് വില്ലേജ് അഡ്മിനിസ്ട്രേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശിവാനന്ദ കെ.എസ് ആരോപിച്ചു. കൃത്യസമയത്ത് എത്തിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോ റെക്കോർഡിംഗ് തങ്ങളുടെ പക്കലുണ്ടെന്നും, ഇതിന് കാരണക്കാരായ തഹസിൽദാറെയോ അസിസ്റ്റന്റ് കമ്മീഷണറെയോ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതി ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തുടനീളം നടക്കുന്ന വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ബഹിഷ്കരിക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
