ബെംഗളൂരു: കർണാടകയിൽ വിവാഹ സൽക്കാരങ്ങൾ, ജന്മദിനാഘോഷങ്ങൾ അല്ലെങ്കിൽ മറ്റ് സ്വകാര്യ ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നവർക്ക് തിരിച്ചടിയായി മദ്യ ലൈസൻസ് നിരക്കുകൾ സംസ്ഥാന സർക്കാർ കുത്തനെ വർദ്ധിപ്പിച്ചു. ഒൻപത് ലിറ്ററിലധികം മദ്യം അതിഥികൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന ചടങ്ങുകൾക്ക് താൽക്കാലികമായി നൽകുന്ന സി.എൽ-5 (CL-5) കാറ്റഗറി ലൈസൻസ് ഫീസാണ് സർക്കാർ ഏകദേശം ഇരട്ടിയാക്കിയത്.
ഇതുസംബന്ധിച്ച പുതുക്കിയ നിരക്കുകൾ ധനകാര്യ വകുപ്പ് പുറത്തിറക്കി. പരിഷ്കരിച്ച നിയമപ്രകാരം വാണിജ്യേതര സ്വഭാവമുള്ള സ്വകാര്യ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർ ഇനി മുതൽ പ്രതിദിനം 20,000 രൂപ ലൈസൻസ് ഫീസായി നൽകണം. മുൻപ് ഇത് 11,500 രൂപയായിരുന്നു. ചടങ്ങ് നടക്കുന്നതിന് കുറഞ്ഞത് ഏഴ് ദിവസം മുൻപെങ്കിലും ഈ പെർമിറ്റിനായി അപേക്ഷിച്ചിരിക്കണം. എന്നാൽ 24 മണിക്കൂറിനുള്ളിൽ അടിയന്തരമായി അനുമതി പത്രം ആവശ്യമുള്ളവർക്ക് തത്കാൽ പദ്ധതി പ്രകാരം പ്രതിദിനം 40,000 രൂപ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു.
അതേസമയം, ഒൻപത് ലിറ്റർ വരെയുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും (IMFL), 18 ലിറ്റർ വരെയുള്ള ബിയർ അല്ലെങ്കിൽ വൈനും വിളമ്പുന്ന ചെറിയ സ്വകാര്യ ഒത്തുചേരലുകൾക്ക് യാതൊരുവിധ ലൈസൻസും ആവശ്യമില്ലെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കലാപരിപാടികൾ, സംഗീത നിശകൾ, പ്രദർശനങ്ങൾ, മേളകൾ, കോർപ്പറേറ്റ് പരിപാടികൾ, പുതുവത്സരാഘോഷങ്ങൾ തുടങ്ങിയ വാണിജ്യപരമായ വൻകിട പരിപാടികൾ സംഘടിപ്പിക്കുന്നവർക്കുള്ള ലൈസൻസ് നിരക്കിലും വലിയ വർദ്ധനവുണ്ട്. ഇത്തരം പരിപാടികൾക്ക് സാധാരണ പെർമിറ്റിനായി പ്രതിദിനം 75,000 രൂപയും തത്കാൽ അനുമതിക്കായി 1.5 ലക്ഷം രൂപയും ഇനി മുതൽ നൽകേണ്ടി വരും. സംസ്ഥാന സർക്കാരിന്റെ വരുമാന സമാഹരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സംസ്ഥാനത്ത് ആദ്യമായാണ് വാണിജ്യപരമായ പരിപാടികളെന്നും അല്ലാത്തവയെന്നും തരംതിരിച്ച് ഇത്തരമൊരു നിരക്ക് ഏർപ്പെടുത്തുന്നതെന്ന് എക്സൈസ് കമ്മീഷണർ വെങ്കിടേഷ് കുമാർ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ നടത്തുന്ന വാണിജ്യേതര പരിപാടികൾക്കും ഇനി മുതൽ സി.എൽ-5 ലൈസൻസ് നിർബന്ധമായിരിക്കും. ബിസിനസ്സ് പ്രമോഷനോ സാമ്പത്തിക ലാഭമോ ലക്ഷ്യം വെക്കാതെ നടത്തുന്നതും, പ്രവേശന ഫീസ് ഈടാക്കാത്തതുമായ ചടങ്ങുകളെയാണ് നിയമത്തിൽ വാണിജ്യേതര പരിപാടികളായി നിർവ്വചിച്ചിരിക്കുന്നത്. കൂടാതെ മദ്യം നൽകുന്നതിനായി അതിഥികളിൽ നിന്നും പണം ഈടാക്കുന്ന യാതൊരുവിധ സംവിധാനവും ഇത്തരം ചടങ്ങുകളിൽ പാടില്ലെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
