കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു: തലസ്ഥാന നഗരമായ ബെംഗളൂരുവിൽ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ജനജീവിതം പൂർണ്ണമായും താറുമാറായി. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടു രൂപപ്പെട്ട് തടാക സമാനമായ അവസ്ഥയിലായതോടെ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരത്തോടെ ആരംഭിച്ച മഴ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ കനത്ത പ്രളയസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ടൗൺ ഹാൾ, മജസ്റ്റിക്, കെ.ആർ മാർക്കറ്റ്, വിധാന സൗധ, രാജരാജേശ്വരി നഗർ (ആർ.ആർ നഗർ), ജ്ഞാനഭാരതി തുടങ്ങിയ നഗരത്തിലെ പ്രധാന മേഖലകളിലെല്ലാം കനത്ത മഴയാണ് രേഖപ്പെടുത്തിയത്. മൈസൂർ റോഡിലെ ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപം റോഡിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹനയാത്രക്കാരെ വലിയ തോതിൽ ബുദ്ധിമുട്ടിച്ചു. കനത്ത കാറ്റിലും മഴയിലും പെട്ട് പർപ്പിൾ ലൈനിലെ മെട്രോ ട്രാക്കിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണതിനെ തുടർന്ന് നമ്മ മെട്രോ സർവീസുകൾ തടസ്സപ്പെട്ടു. ഐ.ടി.പി.എല്ലിനും സത്യസായി പ്രശാന്തി നിലയത്തിനും ഇടയിലുള്ള ട്രാക്കിലാണ് മരം വീണത്. ഇതേത്തുടർന്ന് വൈറ്റ്ഫീൽഡിനും ഗരുഡാചാർ പാളയയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നത് യാത്രക്കാരെ മണിക്കൂറുകളോളം വലച്ചു.

  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

റോഡുകളിൽ വെള്ളം ഉയർന്നതോടെ നഗരത്തിൽ പലയിടങ്ങളിലും അപകടകരമായ സാഹചര്യമാണുണ്ടായത്. പൂർണിമ തിയേറ്ററിന് സമീപം വെള്ളക്കെട്ട് കാരണം റോഡും ഡിവൈഡറും തിരിച്ചറിയാൻ കഴിയാതെ ഒരു കാർ ഡിവൈഡറിന് മുകളിലേക്ക് കയറി കുടുങ്ങി. ഏറെ പ്രയത്നിച്ചാണ് ഈ കാർ പിന്നീട് പുറത്തെടുത്തത്. പ്രശസ്തമായ ശിവാനന്ദ സർക്കിളിന് സമീപമുള്ള ബാംഗ്ലൂർ കഫേയ്ക്കുള്ളിൽ മഴവെള്ളം ഇരച്ചുകയറിയത് ജീവനക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി.

അതേസമയം കർണാടകയിൽ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടിമിന്നൽ, കൊടുങ്കാറ്റ്, ആലിപ്പഴ വർഷം എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വടക്കൻ ഉൾനാടൻ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മേയ് 27-ന് കലബുറഗി, വിജയപുര, ബാഗൽകോട്ട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേദിവസം തീരദേശ, തെക്കൻ ഉൾപ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബിദാർ, റായ്ച്ചൂർ, കൊപ്പൽ, ഗദഗ്, ഹാവേരി എന്നിവ ഒഴികെയുള്ള മറ്റെല്ലാ ജില്ലകൾക്കും യെല്ലോ അലേർട്ട് ബാധകമായിരിക്കും.

  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

മേയ് 28-ഓടെ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം. അന്നേദിവസം ബിദാർ, കലബുറഗി, വിജയപുര, യാദ്ഗിരി ജില്ലകളിൽ ഓറഞ്ച് അലർട്ടും, കനത്ത മഴയ്ക്ക് സാധ്യതയുള്ള ബാഗൽകോട്ട്, ബെൽഗാം, ധാർവാഡ്, ഗദഗ്, ഹാവേരി ജില്ലകൾ ഒഴികെയുള്ള തീരപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us