24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് പുറത്ത്

ബെംഗളൂരു: കർണാടകയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് (ഡിജിറ്റൽ അറസ്റ്റ്) ബെംഗളൂരു സ്വദേശിയായ വൃദ്ധയിൽ നിന്ന് സൈബർ ക്രിമിനലുകൾ തട്ടിയെടുത്തത് 24 കോടിയോളം രൂപ. ബെംഗളൂരു ശിവാജിനഗർ സ്വദേശിയായ ലക്ഷ്മി രാമമൂർത്തിയാണ് ഈ വൻ കെണിയിൽ അകപ്പെട്ടത്. ലക്ഷ്മിക്ക് അടുത്തിടെ സ്വത്ത് വിറ്റ വകയിൽ വലിയ തുക ലഭിച്ച വിവരം മനസ്സിലാക്കിയാണ് തട്ടിപ്പുകാർ ഇവരെ ലക്ഷ്യമിട്ടത്.

ഈ വർഷം ജനുവരി മാസത്തിലാണ് തട്ടിപ്പുകാർ ലക്ഷ്മിയെ ഫോണിൽ ബന്ധപ്പെടുന്നത്. ലക്ഷ്മിയുടെ പേരിൽ കള്ളപ്പണം വെളുപ്പിച്ചതിന് കേസുണ്ടെന്ന് വിശ്വസിപ്പിച്ച ഇവർ, ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ഇവരെ നിരന്തരം നിരീക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ വൃദ്ധയിൽ നിന്ന് ഘട്ടംഘട്ടമായി പ്രതികൾ 24 കോടിയോളം രൂപ സ്വന്തമാക്കി. എന്നാൽ ഇത്രയും വലിയ തുക കൈക്കലാക്കിയിട്ടും തൃപ്തിവരാത്ത തട്ടിപ്പുകാർ വീണ്ടും പണം ആവശ്യപ്പെട്ട് ഇവരെ ഭീഷണിപ്പെടുത്താൻ തുടങ്ങി.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

തുടർന്ന് കഴിഞ്ഞ ദിവസം പണം കണ്ടെത്താനായി ലക്ഷ്മി രാമമൂർത്തി 1.3 കിലോഗ്രാം സ്വർണ്ണാഭരണങ്ങളുമായി ഐസിഐസിഐ ബാങ്കിന്റെ കന്റോൺമെന്റ് ബ്രാഞ്ചിലെത്തി. ഈ സ്വർണം പണയം വെച്ച് കിട്ടുന്ന തുക കൂടി തട്ടിപ്പുകാർക്ക് കൈമാറാനായിരുന്നു ഇവരുടെ നീക്കം. എന്നാൽ പ്രായമായ ഒരു സ്ത്രീ ഇത്രയധികം സ്വർണ്ണവുമായി വന്ന് അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്ക് മാനേജർക്ക് സംശയം തോന്നി. അദ്ദേഹം ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

സിസിബി (CCB) സൈബർ ക്രൈം പോലീസ് ഉദ്യോഗസ്ഥർ ഉടനടി ബാങ്കിലെത്തി വൃദ്ധയെ ചോദ്യം ചെയ്തു. ആദ്യം വിവരങ്ങൾ തുറന്നുപറയാൻ മടിച്ചെങ്കിലും പിന്നീട് പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് മാസങ്ങളായി താൻ നേരിട്ടുകൊണ്ടിരിക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇവർ വെളിപ്പെടുത്തിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, വിദേശത്തുള്ള ഇവരുടെ മക്കളെ വിവരമറിയിച്ചു.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

തുടർന്ന് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ മുംബൈ, അലഹബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഗൗരവ് കുമാർ, ഓം പ്രകാശ് രാജ്പുത് എന്നിവരാണ് അറസ്റ്റിലായ പ്രമുഖർ. 22 ഓളം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ പണം കൈമാറ്റം ചെയ്തതെന്ന് പോലീസ് കണ്ടെത്തി. തട്ടിപ്പുകാരുമായി ബന്ധമുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 60 ലക്ഷത്തോളം രൂപ നിലവിൽ പോലീസ് മരവിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ അന്തർസംസ്ഥാന ശൃംഖലയെ കണ്ടെത്താനായി പോലീസ് അന്വേഷണം വിപുലമാക്കിയിരിക്കുകയാണ്.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts