പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു

കോഴിക്കോട്: ജനവാസ മേഖലയിൽ പട്ടാപ്പകൽ ഇറങ്ങിയ കുറുനരിയുടെ കടിയേറ്റ് പന്ത്രണ്ടുകാരന് സാരമായി പരിക്കേറ്റു. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകന്‍ ജസ്മല്‍ (12) ആണ് ആക്രമണത്തിന് ഇരയായത്. ചെറുവാടിയിലെ ഉമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു വിദ്യാർത്ഥി.

ഉച്ചയോടെ ചെറുവാടിയിലെ പള്ളിയില്‍നിന്ന് നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജസ്മലിനെ നേരെ ഓടിയെത്തിയ കുറുനരി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിനാണ് കടിയേറ്റത്. ഒന്നിലധികം തവണ കുറുനരി കടിച്ചു പരിക്കേൽപ്പിച്ചതായാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.

ആക്രമണത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെപ്പുകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ ജസ്മലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

എന്നാൽ, സാധാരണയായി രാത്രികാലങ്ങളിൽ മാത്രം ഇറങ്ങാറുള്ള കുറുനരി ജനവാസ മേഖലയില്‍ പകല്‍സമയത്ത് പ്രത്യക്ഷപ്പെട്ടതും കുട്ടിയെ ക്രൂരമായി ആക്രമിച്ചതും പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വന്യമൃഗശല്യത്തിനെതിരെ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts