20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം

കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട് പതിറ്റാണ്ടായി ജയിൽവാസം അനുഭവിക്കുന്ന ഫറോക്ക് സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിനായി രാജ്യം കാത്തിരിക്കുന്നു. കോടതി വിധിച്ച തടവുശിക്ഷാ കാലാവധി മേയ് 19-ന് അവസാനിക്കുന്നതോടെ, റഹീം വൈകാതെ ജയിൽമോചിതനാകുമെന്നാണ് കുടുംബത്തിന്റെയും നിയമസഹായ സമിതിയുടെയും പ്രതീക്ഷ. വധശിക്ഷയുടെ നിഴലിൽ നിന്ന് ലോകമലയാളികളുടെ കാരുണ്യത്താൽ ജീവൻ തിരിച്ചുകിട്ടിയ റഹീം, ഇരുപത് വർഷത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ജയിൽമോചനത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നത്.

2006-ൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയതായിരുന്നു അബ്ദുൽ റഹീം. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ യാത്രാമധ്യേ മരിക്കാനിടയായ സംഭവത്തിലാണ് റഹീം ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും സൗദി കോടതി റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ, റഹീമിന്റെ ജീവൻ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം കൈകോർക്കുകയും ആവശ്യമായ 34 കോടി രൂപ ‘ദിയാധനമായി’ (രക്തപ്പണം) സമാഹരിച്ചു നൽകുകയും ചെയ്തു.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

ദിയാധനം കൈമാറിയതോടെ വധശിക്ഷയിൽ നിന്ന് റഹീം ഒഴിവാക്കപ്പെട്ടിരുന്നു. ഇതിനുപിന്നാലെ റിയാദിലെ ക്രിമിനൽ കോടതി, സൗദി പൊതുനിയമപ്രകാരമുള്ള തടവുശിക്ഷ കൂടി പൂർത്തിയാക്കണമെന്ന് വിധിക്കുകയായിരുന്നു. ഈ ശിക്ഷാകാലാവധിയാണ് മേയ് മൂന്നാം വാരത്തോടെ ഇപ്പോൾ അവസാനിക്കുന്നത്.

മേയ് 21 മുതൽ സൗദി അറേബ്യയിൽ പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ കൃത്യമായി ഏത് ദിവസമായിരിക്കും റഹീം ജയിൽ വെളിയിൽ ഇറങ്ങുകയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് നിയമസഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റിയാദിലെ സമിതി അംഗങ്ങൾ സജീവമായി രംഗത്തുണ്ട്.

  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം

റഹീമിന്റെ മോചനത്തിനായി ലോകമലയാളികൾ നൽകിയ തുകയിൽ പതിനൊന്നരക്കോടിയോളം രൂപ ബാക്കിയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. റഹീം സുരക്ഷിതനായി നാട്ടിലെത്തിയ ശേഷം കമ്മിറ്റി യോഗം ചേർന്ന് ഈ തുക എന്ത് ചെയ്യണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. വർഷങ്ങൾ നീണ്ട പ്രാർത്ഥനകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ റഹീം നാട്ടിൽ തിരിച്ചെത്തുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് കുടുംബവും ജന്മനാടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts