രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ

ബെംഗളൂരു: നഗരങ്ങളിലെ യുവാക്കൾക്കിടയിൽ രക്തസമ്മർദ്ദം (Hypertension) വർദ്ധിച്ചുവരുന്നതായി ഡോക്ടർമാരുടെ മുന്നറിയിപ്പ്. നിത്യേന കഴിക്കുന്ന ഇൻസ്റ്റന്റ് നൂഡിൽസ്, ഗോപി മഞ്ചൂരിയൻ, ഹോട്ട് ചിപ്സ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന അമിത സോഡിയമാണ് ഇതിന് പ്രധാന കാരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പല പലഹാരങ്ങളും ഒരൊറ്റ തവണ കഴിക്കുമ്പോൾ തന്നെ ഒരു ദിവസത്തേക്ക് ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉപ്പ് അകത്താകാൻ സാധ്യതയുണ്ട്.

ലഹരി പോലെ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് നൂഡിൽസുകളാണ് ഇതിൽ ഏറ്റവും മുന്നിൽ. ഒരു പാക്കറ്റ് നൂഡിൽസിൽ ശരാശരി 1,200 മില്ലിഗ്രാം മുതൽ 2,000 മില്ലിഗ്രാം വരെ സോഡിയം അടങ്ങിയിട്ടുണ്ടെന്ന് സക്ര വേൾഡ് ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജി കൺസൾട്ടന്റ് ഡോ. പ്രദീപ് കുമാർ ഡി വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് ഒരു വ്യക്തി ഒരു ദിവസം പരമാവധി ഉപയോഗിക്കേണ്ടത് 2,000 മില്ലിഗ്രാമിൽ താഴെ സോഡിയം മാത്രമാണ് (ഏകദേശം ഒരു ടീസ്പൂൺ ഉപ്പ്). അതായത് ഒരു പാക്കറ്റ് നൂഡിൽസ് കഴിക്കുന്നതോടെ തന്നെ ഒരു ദിവസത്തെ ഉപ്പിന്റെ പരിധി 60 മുതൽ 100 ശതമാനം വരെ പൂർത്തിയാകും. പിന്നീട് പകൽ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളിലൂടെ ഇത് അപകടകരമായ അളവിലേക്ക് ഉയരുകയാണ്.

  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നഗരപ്രദേശങ്ങളിൽ ആളുകളുടെ ശരാശരി പ്രതിദിന ഉപ്പ് ഉപയോഗം 9.2 ഗ്രാമായി ഉയർന്നിട്ടുണ്ടെന്ന് രാമയ്യ മെമ്മോറിയൽ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. സന്ദീപ് എസ്. റെഡ്ഡി പറയുന്നു. ഹോട്ടലുകളിൽ നിന്നും ലഭിക്കുന്ന ഗോപി മഞ്ചൂരിയനിൽ സോയ സോസ്, കെച്ചപ്പ് എന്നിവ വൻതോതിൽ ചേർക്കുന്നതിനാൽ ഒരു പ്ലേറ്റിൽ നിന്ന് മാത്രം ചിലപ്പോൾ 4,300 മില്ലിഗ്രാമിലധികം സോഡിയം ശരീരത്തിലെത്താം. പാക്കറ്റ് പോപ്കോൺ, ചക്ലി തുടങ്ങിയവയിലെല്ലാം രുചിക്കും ദീർഘനാൾ കേടുകൂടാതെ ഇരിക്കുന്നതിനുമായി വൻതോതിൽ ഉപ്പ് ഉപയോഗിക്കുന്നുണ്ട്.

ശരീരത്തിൽ സോഡിയത്തിന്റെ അളവ് കൂടുമ്പോൾ രക്തക്കുഴലുകളിലേക്ക് കൂടുതൽ വെള്ളം വലിച്ചെടുക്കപ്പെടുകയും ഇത് രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് നാരായണ ഹെൽത്ത് സിറ്റിയിലെ കാർഡിയോളജി കൺസൾട്ടന്റ് ഡോ. രാമകൃഷ്ണകുമാർ എസ് വിശദീകരിക്കുന്നു. ഇത് ഹൃദയത്തിന് കൂടുതൽ സമ്മർദ്ദം നൽകുകയും രക്തസമ്മർദ്ദം പെട്ടെന്ന് വർദ്ധിപ്പിക്കുകയും ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ ഇത് രക്തക്കുഴലുകളുടെ ഭിത്തികളെ തകർത്ത് ഗുരുതരമായ ഹൃദ്രോഗങ്ങളിലേക്ക് നയിക്കും. എണ്ണയോ മധുരമോ പോലെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ സോഡിയം ഒരു ‘അദൃശ്യ ഭീഷണി’യാണ്. ബ്രെഡ്, സാലഡ് ഡ്രെസ്സിംഗുകൾ എന്നിവയിൽ പോലും ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

എന്നാൽ പ്രിയപ്പെട്ട ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെന്നും അവ കൃത്യമായ നിയന്ത്രണത്തോടെ കഴിക്കാൻ ശീലിക്കണമെന്നുമാണ് ഡോക്ടർമാരുടെ നിർദ്ദേശം. വീട്ടിൽ പാചകം ചെയ്യുമ്പോൾ പൊട്ടാസ്യം അടങ്ങിയ കുറഞ്ഞ സോഡിയമുള്ള ഉപ്പുകൾ ഉപയോഗിക്കാം. ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ തയ്യാറാക്കുമ്പോൾ അതിനൊപ്പം ലഭിക്കുന്ന മസാലപ്പൊടി പകുതി മാത്രം ഉപയോഗിക്കുക, പാക്കറ്റ് ലഘുഭക്ഷണങ്ങൾ കുറയ്ക്കുക, ഉപ്പിന് പകരം സ്വാഭാവിക സുഗന്ധവ്യഞ്ജനങ്ങളും നാരങ്ങാനീരും ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങൾ സോഡിയത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ശരീരത്തിൽ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാൻ വാഴപ്പഴം, ചീര, കരിക്കിൻ വെള്ളം തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കണമെന്നും, യുവാക്കൾ വർഷത്തിലൊരിക്കലെങ്കിലും രക്തസമ്മർദ്ദം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആരോഗ്യവിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

  ആസൂത്രണത്തിൽ പിഴച്ചോ? കുരുക്കഴിച്ച് ഡബിൾ ഡക്കർ പാലം; പക്ഷേ പാലമിറങ്ങിയാൽ വാഹനങ്ങളുടെ നീണ്ട നിര
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts