ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

കോഴിക്കോട്: ആനവണ്ടിയുടെ ചില്ല് അടിച്ച് തകർക്കാൻ മാത്രം എന്ത് ദേഷ്യമാണ് ഈ പെൺകുട്ടിക്ക് എന്ന് ചോദിച്ച സൈബർ ലോകത്തോട് യുവതിക്ക് ഒരൊറ്റ മറുപടിയേയുള്ളൂ—”അത് കടുത്ത ശുചിമുറി ശല്യം കാരണമായിരുന്നു, ദയവായി സൈബർ ആക്രമണം അവസാനിപ്പിക്കണം!” കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് മാങ്കാവിൽ വെച്ചാണ് കെഎസ്ആർടിസി എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിനെ വിറപ്പിച്ച ആ സുപ്രധാന സംഭവം അരങ്ങേറിയത്. ഒടുവിൽ തകർത്ത ചില്ലിന്റെ പണവും ട്രിപ്പ് മുടങ്ങിയതിന്റെ പിഴയും എണ്ണി നൽകി യുവതി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.

കട്ടപ്പനയിൽ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ് കോഴിക്കോട് മാങ്കാവ് എത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ തുടങ്ങിയത്. പെട്ടെന്ന് യുവതിക്ക് ഇറങ്ങണമെന്ന് തോന്നി. എന്നാൽ അവിടെ സ്റ്റോപ്പില്ലെന്ന് കണ്ടക്ടർ കട്ടായം പറഞ്ഞു. പകൽ സമയമായതിനാൽ തോന്നിയ സ്ഥലത്തൊക്കെ വണ്ടി നിർത്താൻ പറ്റില്ലെന്ന് ജീവനക്കാർ കടുപ്പിച്ചു പറഞ്ഞതോടെ യുവതി ഡ്രൈവറുടെ കാബിനിലേക്ക് മാർച്ച് ചെയ്തു. അവിടെ വെച്ച് ബഹളം വെച്ചതിന് പിന്നാലെയാണ് ബസിനകത്തിരുന്ന എമർജൻസി ഹാമർ (അടിയന്തര ഘട്ടങ്ങളിൽ ചില്ല് പൊട്ടിക്കാനുള്ള ചുറ്റിക) എടുത്ത് യുവതി ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച് തകർത്തത്. വണ്ടി നിർത്താൻ യുവതി കണ്ടെത്തിയ ‘അടിയന്തര ഘട്ടം’ കണ്ടക്ടർക്ക് അത്ര ബോധിച്ചില്ല.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

ചില്ല് തകർന്നതോടെ കണ്ടക്ടർ നേരെ വണ്ടി നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകി. പോലീസ് സ്റ്റേഷനിൽ കാര്യങ്ങൾ എത്തിയതോടെ മാനന്തവാടിയിലേക്കുള്ള ബസിന്റെ തുടർ സർവീസും മുടങ്ങി. ഒടുവിൽ കെഎസ്ആർടിസി കണക്ക് കൂട്ടി ബില്ല് കൈക്കൽ കൊടുത്തു. തകർന്ന ചില്ലിന്റെ വിലയും സർവീസ് മുടങ്ങിയതിന്റെ നഷ്ടവും ചേർത്ത് 28,000 രൂപയാണ് കെഎസ്ആർടിസി യുവതിയിൽ നിന്നും ഈടാക്കിയത്. അത്രയും തുക നൽകി പരാതി തീർപ്പാക്കിയതോടെയാണ് യുവതിക്ക് പോലീസ് സ്റ്റേഷനിൽ നിന്നും മോചനം ലഭിച്ചത്. എന്തായാലും ആനവണ്ടിയോട് കളിച്ചാൽ കീശ ചോരുമെന്ന് കെഎസ്ആർടിസി ഒരിക്കൽ കൂടി തെളിയിച്ചു.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts