ബെംഗളൂരു : കൊടഗ് ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഭീഷണിയായി രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. യുഎസ് സ്വദേശിനിയായ വിനോദസഞ്ചാരി ഹോംസ്റ്റേയിൽ പീഡനത്തിനിരയായ സംഭവത്തിന് പിന്നാലെ, ഇത്തരം അനധികൃത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി അംഗീകൃത ഹോംസ്റ്റേ ഉടമകളുടെ സംഘടന രംഗത്തെത്തി.
നിലവിൽ ജില്ലയിൽ 2,470 ഹോംസ്റ്റേകൾ മാത്രമാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അസോസിയേഷൻ അംഗം കെ.എം. കരുമ്പയ്യ അറിയിച്ചു. എന്നാൽ ഇതിന് പുറമെ രണ്ടായിരത്തിലധികം സ്ഥാപനങ്ങൾ യാതൊരു അനുമതിയും കൂടാതെ പ്രവർത്തിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ തമ്പടിക്കുന്ന ഇടനിലക്കാർ വിനോദസഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ച് ഇത്തരം സുരക്ഷിതമല്ലാത്ത ഇടങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്നും ഇത് ടൂറിസം മേഖലയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂറിസം വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വളമാകുന്നുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് മോണ്ടി ഗണേഷ് പറഞ്ഞു. കൃത്യമായ മേൽനോട്ടമില്ലാത്തതിനാൽ സംരംഭകർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കുടക് എസ്.പി കെ. ബിന്ദു മണി ഹോട്ടൽ-ഹോംസ്റ്റേ ഉടമകളുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും സ്ഥാപനങ്ങളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉടമകൾ തന്നെ ഉത്തരവാദികളായിരിക്കുമെന്നും എസ്.പി കർശന മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാരികൾ ഹോംസ്റ്റേകൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ അംഗീകാരം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]