ബെംഗളൂരു: കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷംതടയാൻ പുതിയനടപടിയുമായി കർണാടക സർക്കാർ.
പശ്ചിമഘട്ടമേഖലയിൽ കാട്ടാന-മനുഷ്യ സംഘർഷം തടയുന്നതിനായി ദൗത്യസേന രൂപവത്കരിച്ചു.
ജനവാസമേഖലയിൽ കാട്ടാനകളെത്തുന്നത് തടയുകയാണ് സേനയുടെ പ്രധാനചുമതല. ആനകൾ കൃഷിനാശം വരുത്തുന്നതും തടയാൻ സേന നടപടിയെടുക്കും.
ആനകൾ വനത്തിന് പുറത്തേക്കുവന്നാൽ അവരെ തിരിച്ചുവിടുന്നതിനുള്ള നടപടികൾ യഥാസമയം സ്വീകരിക്കും.
ഇതിന് സാധിച്ചാൽ സംഘർഷം കുറയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
അസി. കൺസർവേറ്റർ, റേഞ്ച് ഓഫീസർ, നാല് ഡപ്യൂട്ടി റേഞ്ച് ഓഫീസർമാർ തുടങ്ങിയവർ സേനയിൽ അംഗങ്ങളായിരിക്കും.
ദക്ഷിണകന്നഡ ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 48 അംഗസേനയുടെ രൂപവത്കരണത്തിന് വനംവകുപ്പ് അംഗീകാരംനൽകി.
മംഗളൂരു ഡിവിഷനിലെ വനം ഡപ്യൂട്ടി കൺസർവേറ്ററുടെ നേതൃത്വത്തിലായിരിക്കും സേനയുടെ പ്രവർത്തനം.
പദ്ധതിയിൽ മനുഷ്യരുടെയും ആനകളുടെയും ജീവൻ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെ പറഞ്ഞു.
