ബെംഗളൂരു : മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും പ്രത്യേക വസ്ത്രധാരണച്ചട്ടം നടപ്പാക്കാൻ നീക്കം. മുരുഡേശ്വരക്ഷേത്രത്തിൽ പാശ്ചാത്യവസ്ത്രങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതിനുപിന്നാലെയാണ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും സമാനതീരുമാനം നടപ്പാക്കാൻ ഒരുങ്ങുന്നത്.
ചാമുണ്ഡേശ്വരിക്ഷേത്ര വികസന അതോറിറ്റിയുടെ നേതൃത്വത്തിലാണ്, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ഡ്രസ് കോഡ് നടപ്പാക്കാൻ ആലോചിക്കുന്നത്.
സ്ത്രീകൾ ജീൻസ്, ഷോർട്സ്, സ്കർട്സ്, മിനിസ്കേർട്സ്, സ്ലീവ്‌ലെസ് ടോപ്പുകൾ എന്നിവ ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നത് നിരോധിച്ചേക്കും. അതുപോലെ പുരുഷന്മാർ ബെർമുഡ, നൈറ്റ് സ്യൂട്ടുകൾ, കീറിയ ജീൻസ് എന്നിവ ധരിച്ച് പ്രവേശിക്കരുത്.
പുരുഷന്മാർ മുണ്ട്, പാന്റ്, ഷർട്ട്, മേൽമുണ്ട് എന്നിവമാത്രമേ ധരിക്കാവൂ. സ്ത്രീകൾ സാരിയോ ചുരിദാറോ ധരിക്കണമെന്നായിരിക്കും പുതിയ തീരുമാനം.
മറ്റു സംസ്ഥാനങ്ങളിൽനിന്നടക്കം എത്തുന്ന ഭക്തരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിന്റെ പവിത്രതയും സാംസ്കാരിക അന്തസ്സും സംരക്ഷിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ പിന്നിലെന്നാണ് ക്ഷേത്ര വികസന അതോറിറ്റിയുടെ വിശദീകരണം. അടുത്ത യോഗത്തിൽ തീരുമാനം നടപ്പാക്കാനാണ് സാധ്യതയെന്ന് ക്ഷേത്ര വികസന അതോറിറ്റിയുടെ സെക്രട്ടറി എം.ജെ. രൂപ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.