അലിഗഡ്: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചതിനെച്ചൊല്ലി ഉണ്ടായ വഴക്ക് ഗാർഹിക പീഡന ആരോപണങ്ങളിലേക്കും അറസ്റ്റിലേക്കും വഴിവെച്ചു. ഉത്തർപ്രദേശിലെ അലിഗഡ് ക്വാർസി സ്വദേശിയായ 39-കാരൻ പ്രവീൺ കുമാർ എന്ന യുവാവാണ് സോപ്പ് ഉപയോഗിച്ചതിന്റെ പേരിൽ പൊലീസിന്റെ പിടിയിലായത്.
കുളി കഴിഞ്ഞ് കുളിമുറിയിൽ നിന്ന് ഇറങ്ങിയ പ്രവീൺ കുമാറിനോട് “എന്റെ സോപ്പ് എന്തിനാണ് ഉപയോഗിച്ചത് എന്ന് ഭാര്യ ചോദിക്കുകയും, “നീ എന്റെ സാധനങ്ങൾ പലപ്പോഴും ഉപയോഗിക്കാറുണ്ട്, ഞാൻ ഒരിക്കലും പരാതിപ്പെട്ടിട്ടില്ലല്ലോ”എന്ന പ്രവീണിന്റെ മറുപടി ചെറിയ വാക്കു തർക്കത്തിലേക്കും പിന്നീട് വലിയ വഴക്കായി മാറുകയുമായിരുന്നു.
തുടർന്ന് ഭാര്യ പൊലീസിനെ വിളിച്ചതോടെ, പ്രവീൺ കുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്, ഇത്ര പ്രതീക്ഷിച്ചില്ലെന്ന് പ്രവീൺ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. ഭർത്താവിന് ശാരീരിക പീഡനത്തിന്റെയും ഗാർഹിക പീഡനത്തിന്റെയും ചരിത്രമുണ്ടെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു.
ഭാര്യയെ ആക്രമിച്ചുവെന്ന വിവരത്തെ തുടർന്നാണ് പ്രവീൺ കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. സമാധാനം തകർക്കാൻ ശ്രമിച്ചതിന് ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 151 പ്രകാരവും കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് ക്വാർസി എസ്എച്ച്ഒ നരേന്ദ്ര ശർമ്മ വ്യക്തമാക്കി.
13 വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. വഴക്കിനെ തുടർന്ന് പ്രവീൺകുമാറിനെയും ഭാര്യയെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇരുവർക്കും നിസ്സാര പരുക്കുകൾ മാത്രമാണ് ഉണ്ടായത്.
ചികിത്സയ്ക്കായി ഇരുവരെയും ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന്, ഡിഎസ്പി പറഞ്ഞു. കസ്റ്റഡിയിൽ വെച്ച് പൊലീസ് തന്നെ മർദ്ദിച്ചുവെന്ന് പ്രവീൺ ആരോപിച്ചു. എന്നാൽ, ഡിഎസ്പി സർവം സിംഗ് ഈ ആരോപണം നിഷേധിച്ചു. പ്രവീൺ പൊലീസിനോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണ്. സെക്ഷൻ 151 കുറ്റം ചുമത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രവീണിനെ ജാമ്യത്തിൽ വിട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.