ബെംഗളൂരു : മുഖം മിനുക്കാനൊരുങ്ങി ചാമുണ്ഡേശ്വരി ക്ഷേത്രവും ചാമുണ്ഡിമലയും. ഇതിനായി 45.71 കോടിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം വകുപ്പിന് സമർപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ തീർഥാടന പുനരുജ്ജീവന (പ്രസാദ്) പദ്ധതി പ്രകാരമുള്ള അംഗീകാരത്തിനാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ കേന്ദ്രം ഫണ്ട് അനുവദിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. ഫണ്ട് അനുവദിച്ചുകഴിഞ്ഞാൽ ഉടൻ ടെൻഡറുകൾ വിളിക്കുമെന്നും ടൂറിസം വകുപ്പ് ഡയറക്ടർ എം.കെ. സവിത പറഞ്ഞു.
ചാമുണ്ഡേശ്വരി ക്ഷേത്രവും ചാമുണ്ഡി കുന്ന് സന്ദർശിക്കുന്ന ഭക്തർക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതാണ് പുതിയ പദ്ധതി.
മെച്ചപ്പെടുത്തിയ ക്യൂ ലൈനുകൾ, ക്ഷേത്ര മുറ്റത്തേക്കുള്ള നവീകരണം, ക്ഷേത്ര സമുച്ചയത്തിനുള്ളിലെ മെച്ചപ്പെട്ട ശൗചാലയ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളാണ് പുതിയ പദ്ധതിയിലുള്ളത്.
ക്ഷേത്ര പരിസരത്ത് അലങ്കാര ജലധാരയും ലൈറ്റിങ്ങും സ്ഥാപിക്കൽ, പുതിയ പോലീസ് ബൂത്ത്, ഇൻഫർമേഷൻ സെന്റർ, കൺട്രോൾ റൂം എന്നിവയുടെ നിർമാണം, അധിക ഇരിപ്പിട ക്രമീകരണങ്ങൾ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.
ദേവികരെയിൽ ഒരു കൽ പവിലിയനും പ്രവേശന കവാടവും നിർമിക്കും. പൂന്തോട്ടം, പടികൾ നവീകരിക്കൽ എന്നിവയുടെ പ്രവൃത്തിയും നടക്കും. നന്ദി പ്രതിമയ്ക്ക് സമീപം, ക്യൂ ലൈനുകൾ, കുടിവെള്ള സൗകര്യങ്ങൾ, ഇരിപ്പിട ക്രമീകരണങ്ങൾ, ഗ്രൗണ്ട് സൗന്ദര്യവത്‌കരണം എന്നിവയും ഒരുക്കാൻ പദ്ധതിയുണ്ട്.
ചാമുണ്ഡിമലയുടെ പടികളുടെ ഇരുവശത്തും റെയിലിങ്ങുകൾ സ്ഥാപിക്കൽ, മഴയിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള ഷെൽട്ടറുകൾ, കുടിവെള്ള സൗകര്യങ്ങൾ, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു. പാതയിൽ വിവര ബോർഡുകൾ സ്ഥാപിക്കും.
കൂടുതൽ സ്ഥലങ്ങളിൽ സി.സി.ടി.വി. ക്യാമറകളും സ്ഥാപിക്കും. എന്നാൽ, ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റിയുടെ രൂപവത്‌കരണവും സംബന്ധിച്ച് സർക്കാരും പഴയ മൈസൂർ രാജകുടുംബവും തമ്മിലുള്ള ദീർഘകാല തർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
മൈസൂരു രാജകുടുംബത്തിലെ പിൻഗാമിയും നിലവിലെ എം.പി.യുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ നവീകരണ പദ്ധതിക്ക് നേരത്തേ അനുമതി നിഷേധിച്ചിരുന്നു. ഈ തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, നവീകരണ പ്രവൃത്തി തുടങ്ങുന്നത് വൈകിയേക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.