കണ്ണൂർ – യശ്വന്ത്പുർ എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചുകൾ ഞായറാഴ്ച മുതൽ എട്ടായി ചുരുങ്ങും. ഒരു സെക്കൻഡ് എസി കോച്ച് ട്രെയിനിൽ വർധിക്കും.
തേർഡ് എസി കോച്ചുകളുടെ എണ്ണത്തിൽ മാറ്റമില്ല. നാല് ജനറൽ കോച്ചുകളും ട്രെയിനിലുണ്ടാകും. ആകെ 11 സ്ലീപ്പർ കോച്ചുകളായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നത്.
ഇത് ഒൻപതാക്കി കുറക്കുമെന്ന് റെയിഷൽവേ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു, കുറയുന്ന രണ്ട് സ്ലീപ്പർ കോച്ചിനുപകരം രണ്ട് ജനറൽ കോച്ചുകൾ വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
രാവിലെ പാലക്കാട് നിന്ന് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമേകുന്ന തീരുമാനമാണ് ജനറൽ ക്ലാസ് കോച്ചുകൾ കൂട്ടുന്നത്.
അതേസമയം ബെംഗളൂരു യാത്രികർക്ക് സ്ലീപ്പർ ക്സാസ് കുറച്ചുള്ള തീരുമാനം തിരിച്ചടിയാവുകയും ചെയ്യും.
രണ്ട് സ്ലീപ്പർ കോച്ചിലെ 160 ബർത്ത് ഒഴിവാക്കിയാണ് 200 പേർക്ക് ഇരിക്കാവുന്ന രണ്ട് ജനറൽ കോച്ചുകൾ റെയിൽവേ ഘടിപ്പിച്ചത്.
2025 ജനുവരി മുതൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുമെന്ന് റെയിൽവേ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതോടെ ട്രെയിനിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലായി ഉയരും.
നാളെ മുതൽ ഒരു സ്ലീപ്പർ കോച്ചുകൂടി കുറയുന്നതോടെ സ്ലീപ്പർ ക്ലാസ് കോച്ചിൻ്റെ എണ്ണം എട്ടാകും. കണ്ണൂർ – യശ്വന്ത്പുർ യാത്രയിൽ സ്ലീപ്പർ നിരക്ക് 365 രൂപയാണ്.
പകരമായി വരുന്ന സെക്കൻഡ് എസി യാത്രയ്ക്ക് 1410 രൂപയാണ് നിരക്ക്. മലബാറിലൂടെ ബെംഗളൂരുവിലേക്കുള്ള ട്രെയിനിലെ സ്ലീപ്പർ ക്ലാസ് കുറക്കുന്നതിനെതിരെ യാത്രക്കാർ നേരത്തെ പ്രതിഷേധിച്ചിരുന്നു.