ബെംഗളൂരു : നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ഡ്രൈവർരഹിത മെട്രോ ട്രെയിൻ കൊൽക്കത്തയിലെ നിർമാണപ്ലാന്റിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.
കൊൽക്കത്തയിലെ ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡിൽനടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിൽ കേന്ദ്ര ഭവനനഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ ഓൺലൈനായി പങ്കെടുത്തു. ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യയും ചടങ്ങിൽ പങ്കെടുത്തു.
15 ദിവസംകൊണ്ട് ട്രെയിൻ ബെംഗളൂരുവിലെ ഹെബ്ബഗൊഡി ഡിപ്പോയിൽ എത്തിച്ചേരും. നമ്മ മെട്രോയ്ക്കുവേണ്ടി 204 കോച്ചുകളാണ് ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് നിർമിക്കുന്നത്.
മാസം ഒരു മെട്രോ ട്രെയിൻവീതം ലഭ്യമാക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഏപ്രിലോടെ രണ്ട് മെട്രോ ട്രെയിനുകൾകൂടി ലഭ്യമാക്കുമെന്ന് ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഉമേഷ് ചൗധരി പറഞ്ഞു.
സെപ്റ്റംബറോടെ മാസം രണ്ടു ട്രെയിനുകൾവീതം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ഇന്റീരിയറുകൾ, കുറഞ്ഞ വൈദ്യുതി ഉപഭോഗം, ലോകോത്തര സുരക്ഷാസൗകര്യങ്ങൾ എന്നിവ മെട്രോ ട്രെയിനിന്റെ പ്രത്യേകതയാണ്.
ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനിൽ വരുന്നത്.
യെല്ലോ ലൈനിൽ ഡിസംബറിൽ സർവീസ് ആരംഭിക്കുമെന്നായിരുന്നു ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, മെട്രോ ട്രെയിൻ ലഭ്യമാകാത്തതിനാൽ സർവീസ് തുടങ്ങാനായില്ല.