ബെംഗളൂരു : നിർമാണ നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് പീനിയയിലെ 15 നില പാർപ്പിട സമുച്ചയം പൊളിക്കണമെന്ന് കർണാടക ഹൈക്കോടതി.
നിർമാണത്തിലെ അപാകം പരിഹരിക്കാത്തതിലും നടപടികൾ 10 വർഷത്തിലേറെ വൈകിപ്പിച്ചതിനാലുമാണ് കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടത്.
പീനിയയിലെ പ്ലാറ്റിനം സിറ്റിയിലെ 1,800 കുടുംബങ്ങൾ താമസിക്കുന്ന ബ്ലോക് എ കെട്ടിടം പൊളിക്കാനാണ് ജസ്റ്റിസ് ഗോവിന്ദ് രാജിന്റെ നിർദേശം.
ബെംഗളൂരു വികസന അതോറിറ്റിക്ക് (ബി.ഡി.എ.) കെട്ടിട ഉടമകളായ സ്വകാര്യ ബിൽഡർ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് 2013-ൽ നൽകിയ റിട്ട് ഹർജിയുമായി ബന്ധപ്പെട്ടാണ് കേസ് ആരംഭിക്കുന്നത്.
ഇതിനിടെ കെട്ടിട നിർമാണത്തിലെ ഒന്നിലധികം നിയമലംഘനങ്ങൾ വീഴ്ചകളും പുറത്തുവന്നു. തിരുത്തലുകൾ വരുത്തി കെട്ടിട പ്ലാൻ സമർപ്പിച്ച് ആവശ്യമായ പിഴത്തുക അടച്ചതായി ബിൽഡർ വാദിച്ചു.
എന്നാൽ, രേഖകൾ പരിശോധിച്ചിട്ടും ഒരു ബിൽഡിങ് പ്ലാനും കണ്ടെത്തിയില്ലെന്ന് ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ.) അറിയിച്ചു.
തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ നിലവിലുള്ള നിർമാണത്തിന് അനുസൃതമായി പരിഷ്കരിച്ച വികസന പദ്ധതിയും കെട്ടിടപ്ലാനും സമർപ്പിക്കാൻ കോടതി ബിൽഡറോട് നിർദേശിച്ചു.
എന്നാൽ, ബി.ഡി.എ. ചൂണ്ടിക്കാണിച്ച പിഴവുകളും ലംഘനങ്ങളും പരിഹരിക്കാൻ പലതവണ സാവകാശം നൽകിയിരുന്നെങ്കിലും ബിൽഡർ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കെട്ടിടത്തിന്റെ നിലവിലെ വിലയനുസരിച്ച് എന്തെങ്കിലും നഷ്ടമുണ്ടായാൽ അത് ബിൽഡർ വഹിക്കണമെന്നും കോടതി പറഞ്ഞു.
മുഴുവൻ കെട്ടിടവും ഒഴിപ്പിക്കുന്നതിനും പൊളിക്കുന്നതിനുമുള്ള പദ്ധതി തയ്യാറാക്കാനും ബി.ഡി.എ. കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകി. കേസിലെ അടുത്ത വാദം 11-ന് നടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.