ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനുള്‍പ്പെടെ മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് ശക്തമായ മഴയിലും തെരച്ചില്‍ തുടരുകയാണ്.
എന്നാല്‍ നാളെയും ഉത്തരകന്നഡ ജില്ലയില്‍ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.മറ്റന്നാള്‍ ഓറഞ്ച് അലർട്ടുമാണ്.
ഈ പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
അതേസമയം, അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. മഴ കനത്താല്‍ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്ജിംഗിനും ഡൈവർമാർക്ക് ഇറങ്ങുന്നതിനും തടസമാണ്.
ഇപ്പോഴും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ മണ്ണിടിഞ്ഞ കരയുടെ ഭാഗത്ത് ആളുകള്‍ക്ക് പ്രവേശനം നിയന്ത്രിച്ചേക്കും.
ഒരു സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായ റിട്ട. മേജർ ഇന്ദ്രബാലൻ ഇന്ന് ഡ്രഡ്ജിംഗ് കമ്പനിക്കാർക്ക് ഐബോഡ് പരിശോധനയില്‍ കണ്ടെത്തിയ പോയന്റുകള്‍ അടയാളപ്പെടുത്തി നല്‍കിയിട്ടുണ്ട്.
ഇന്നലെ നടത്തിയ തെരച്ചിലില്‍ അർജുന്റെ ലോറിയുടെ പിന്നിലെ ലൈറ്റ് റിഫ്ലക്ടർ കണ്ടെത്തിയത് വഴിത്തിരിവായിരുന്നു.
തെരച്ചില്‍ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും മഴ കണക്കിലെടുത്ത് താല്‍ക്കാലികമായി മാത്രം നിർത്തുകയാണെന്നും അർജുന്റെ കുടുംബത്തിന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചില്‍ നിർത്തി വെയ്ക്കില്ലെന്ന് കാർവാർ എംഎല്‍എ സതീഷ് സെയ്ല് പറഞ്ഞു.
നാവികസേന കൂടി എത്തിയതോടെ കൃത്യമായ ഏകോപനത്തോടെ ലോഹസാന്നിധ്യം കണ്ടെത്തിയ കോർഡിനേറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇന്നലെ പരിശോധന നടന്നത്.
രാവിലെ ആദ്യകോർഡിനേറ്റില്‍ പരിശോധിച്ചപ്പോള്‍ മണ്ണിടിച്ചിലില്‍ പുഴയില്‍ വീണ ഇലക്ട്രിക് ടവറിന്റെ ഭാഗങ്ങള്‍ കിട്ടി.
പിന്നീട് രണ്ടാം കോർഡിനേറ്റില്‍ ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ പോയന്റില്‍ പരിശോധിച്ചപ്പോഴാണ് അർജുന്റെ ലോറിയില്‍ ഉപയോഗിച്ചിരുന്ന കയറിന്റെ കെട്ടും പിന്നീട് കുറച്ച് അക്കേഷ്യ മരത്തടികളും കിട്ടിയത്.
മറ്റ് ചില ലോഹഭാഗങ്ങളും ടയറും കിട്ടിയെങ്കിലും അത് അർജുന്റെ ലോറിയുടേതല്ല എന്ന് വ്യക്തമായി. വഴിത്തിരിവായത് പിന്നീടുള്ള തെരച്ചിലില്‍ കണ്ടെത്തിയ ഒരു ലോഹഭാഗമാണ്.
അർജുന്റെ ലോറിയുടെ പിൻഭാഗത്ത് ലൈറ്റ് റിഫ്ലക്ടറായി ഘടിപ്പിച്ചിരുന്ന ഇരുമ്പ് കമ്പിയുടെ ഭാഗം ലോറിയുടെ ആർസി ഉടമ മുബീൻ തിരിച്ചറിഞ്ഞു.
നടപടികളില്‍ തൃപ്തിയെന്ന് ഡ്രഡ്ജറില് പോയി തെരച്ചില്‍ നേരിട്ട് കണ്ട അഞ്ജുവും ഭർത്താവ് ജിതിനും ലോറി ഉടമയും പ്രതികരിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.