ബെംഗളൂരു: വ്യവസായ മേഖലയില്‍ കന്നഡിഗർക്ക് തൊഴില്‍ സംവരണം നല്കാൻ കോണ്‍ഗ്രസ് സർക്കാർ രൂപം നല്കിയ ബില്‍ വിമർശനങ്ങള്‍ക്കൊടുവില്‍ താത്കാലികമായി പിൻവലിച്ചതിന് പിന്നാലെ നിലപാട് ആവർത്തിച്ച് ഐടി മന്ത്രി പ്രിയങ്ക ഖാർഗെ.
സംസ്ഥാനത്തെ ജോലികള്‍ക്കുള്ള ആദ്യ അവകാശം കന്നഡിഗർക്ക് തന്നെയാണെന്നും സ്വകാര്യ മേഖലയിലെ തൊഴില്‍ സംവരണ ബില്‍ നിലവില്‍ പിൻവലിച്ചുവെങ്കിലും ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കുമെന്ന് ഐടി മന്ത്രി വ്യക്തമാക്കി.
വ്യവസായ മേഖലകളിലുള്ളവരില്‍ ഇപ്പോള്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
അതുകൊണ്ടാണ് ബില്‍ താത്കാലികമായി പിൻവലിച്ചത്.
വ്യവസായ മേഖലകളിലുള്ളവരുമായി കൂടിയാലോചനകള്‍ നടത്തും. അവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടും.
കർണാടകയില്‍ നിന്നുള്ളവർക്കാണ് കർണാടകയിലെ ജോലിക്കുള്ള ആദ്യ അവകാശമെന്ന് കോണ്‍ഗ്രസ് മന്ത്രി വ്യക്തമാക്കി.
ബില്ലിനെതിരെ വ്യവസായ പ്രമുഖർ ഉള്‍പ്പെടെ കടുത്ത വിമർശനമുന്നയിച്ചതോടെയായിരുന്നു ബില്‍ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്.
മാനേജ്മെന്റ് തസ്തികകളില്‍ 50 ശതമാനവും മാനേജ്മെന്റിതര തസ്തികകളില്‍ 75 ശതമാനവും കന്നഡിഗർക്ക് സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
കഴിഞ്ഞ ദിവസമായിരുന്നു ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
സ്വകാര്യമേഖലയില്‍ ക്ലറിക്കല്‍, ഡി ക്ലാസ് തസ്തികകളില്‍ കന്നഡിഗർക്ക് നൂറുശതമാനം സംവരണം നല്‍കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇട്ട പോസ്റ്റും വലിയ വിമർശനത്തിന് വഴിയൊരുക്കിയിരുന്നു.
തുടർന്ന് ഗത്യന്തരമില്ലാതെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.