ബെംഗളൂരു : ബെംഗളൂരുവിൽ ‘നമ്മ യാത്രി’ ആപ്പിന്റെ വിജയത്തിനുപിന്നാലെ ഓൺലൈൻ ഓട്ടോറിക്ഷാ സർവീസുമായി മറ്റൊരു ട്രാൻസ്പോർട്ട് യൂണിയനും രംഗത്ത്.
കർണാടക രാജ്യ ചലകര പരിഷത്ത് (കർണാടക സംസ്ഥാന ഡ്രൈവേഴ്‌സ് കൗൺസിൽ) ആണ് അഗ്നിഭു ടെക്നോളജീസിന്റെ സഹകരണത്തോടെ ‘നഗര മീറ്റേർഡ് ഓട്ടോ’ എന്നപേരിൽ ആപ്പ് ആരംഭിച്ചത്.
ആദ്യത്തെ രണ്ടുകിലോമീറ്ററിന് 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് ഈടാക്കുക. പണം ഡ്രൈവർക്ക് നേരിട്ടുലഭിക്കും.
മറ്റ് ഓൺലൈൻ സർവീസുകളിൽനിന്ന് വ്യത്യസ്തമായി മീറ്ററിൽ രേഖപ്പെടുത്തുന്ന പണമാണ് യാത്രക്കാരൻ ഡ്രൈവർക്ക് കൊടുക്കേണ്ടത്.
ഓട്ടോറിക്ഷാ ഡ്രൈവർമാർ രജിസ്‌ട്രേഷനുവേണ്ടി നിശ്ചിതതുക അടയ്ക്കണമെന്നും സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിന്റെ അംഗീകാരമുള്ള മീറ്ററുള്ള ഓട്ടോറിക്ഷകൾക്കേ രജിസ്റ്റർചെയ്യാൻ സാധിക്കൂവെന്നും കർണാടക രാജ്യ ചലകര പരിഷത്ത് അറിയിച്ചു.
ആദ്യഘട്ടത്തിൽ 1,000 ഡ്രൈവർമാരെ രജിസ്റ്റർ ചെയ്യിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യൂണിയൻ പ്രസിഡന്റ് കെ. സോമശേഖർ പറഞ്ഞു.
ഓരോ ഡ്രൈവർക്കും പ്രത്യേക ക്യു.ആർ. കോഡും വെബ്‌പേജും ലഭിക്കും. ജൂലായോടെയാകും ആപ്പ് പൂർണമായി പ്രവർത്തനമാരംഭിക്കുക.
ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഊബർ തുടങ്ങിയവയ്ക്ക് ബദലായി ഒന്നരവർഷംമുമ്പാണ് ബെംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിയനുകൾ ‘നമ്മ യാത്രി’ ആപ്പ് ആരംഭിച്ചത്.
യാത്ര എങ്ങനെ?
:യാത്രക്കാർക്ക് വാട്‌സാപ്പ് ചാറ്റ്‌ബോട്ട് വഴിയും മൊബൈൽ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും യാത്ര ബുക്കുചെയ്യാൻ സാധിക്കും.
ബുക്കിങ് ഡ്രൈവർ സ്വീകരിച്ചാൽ യാത്രക്കാരൻ ഒ.ടി.പി. ഡ്രൈവർക്ക് കൈമാറും. തുടർന്ന് ഡ്രൈവർ ഓട്ടോ മീറ്റർ സ്വച്ച് ഓൺചെയ്ത് ട്രിപ്പ് ആരംഭിക്കും.
ട്രിപ്പ് അവസാനിക്കുമ്പോൾ യാത്രചെയ്ത ദൂരം ഡ്രൈവർ ആപ്പിൽ രേഖപ്പെടുത്തും. മീറ്ററിൽ കാണുന്ന തുക യാത്രക്കാരൻ ഡ്രൈവർക്ക് കൊടുക്കും. ഓൺലൈനായോ നേരിട്ടോ കാശ് കൊടുക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.