ബെംഗളൂരു: കർണാടക സർക്കാരിൻ്റെ ജനപ്രിയ പദ്ധതിയായ ഇന്ദിരാ കാൻ്റീൻ ഹൈടെക്കാകുന്നു.
ഇന്ദിരാ കാൻ്റീനുകളിൽ ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ സ്ഥാപിക്കാനാണ് അധികൃതരുടെ നീക്കം.
ഇതുവഴി ഉപയോക്താക്കൾക്ക് തിരക്കൊഴിവാക്കി സ്വയം ഭക്ഷണം ഓർഡർ ചെയ്യാനാകും.
പരീക്ഷണാടിസ്ഥാനത്തിൽ ആർആർ നഗറിലെ ഇന്ദിരാ കാന്റീനിൽ പദ്ധതി നടപ്പിലാക്കിയിരുന്നു.
ഇത് വിജയം കണ്ടതോടെയാണ് നഗരത്തിലെ കൂടുതൽ കാൻ്റീനുകളിലേക്ക് കിയോസ്കുകൾ എത്തിക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
ഇന്ദിരാ കാൻ്റീൻ മെനു പൂർണമായും ലഭ്യമാകുന്ന തരത്തിലാണ് കിയോസ്കുകൾ ഒരുക്കുക. അതുവഴി ഉപയോക്താക്കൾക്ക് സ്വന്തമായി ഭക്ഷണം ഓർഡർ ചെയ്യാനാകും.
തുടർന്ന് ലഭ്യമാകുന്ന ടോക്കൺ ഉപയോഗിച്ചു ഭക്ഷണം വാങ്ങാം. കിയോസ്കുകളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ സംവിധാനം വളരെ ഫലപ്രദമാണെന്നും നഗരത്തിലെ എല്ലാ കാൻ്റീനുകളിലേക്കും കിയോസ്കുകൾ എത്തിക്കാനാണ് പദ്ധതിയെന്നും ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരാൽകാർ വികാസ് കിഷോർ പറഞ്ഞു.
അതേസമയം ഇന്ദിരാ കാൻ്റീൻ ഉപയോക്താക്കളുടെ എണ്ണത്തിൽ ഈ വർഷം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2024 ഫെബ്രുവരിയിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ 12 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.
സൗത്ത് സോണിലെ കാൻ്റീനുകളിലെ ഉപഭോക്താക്കളുടെ എണ്ണം ഈ വർഷം 3.5 കോടിയായി കുറഞ്ഞു. 2023ൽ ഇത് 8.1 കോടിയായിരുന്നു.
വെസ്റ്റ് സോണിലും നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാൽ, ദാസറഹള്ളി, മഹാദേവപുര, രാജരാജേശ്വരി നഗർ, ഈസ്റ്റ് സോൺ എന്നിവിടങ്ങളിലെ കാൻ്റീനുകളിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.